എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിനിടെ കുഴഞ്ഞുവീണ് പൊലീസ് ഉദ്യോഗസ്ഥന്
|ഇന്ന് രാവിലെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിക്കുന്നതിന് മുമ്പായിരുന്നു സംഭവം.
ലണ്ടൻ: അന്തരിച്ച എലിബസത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ് പൊലീസ് ഉദ്യോഗസ്ഥൻ. സെൻട്രൽ ലണ്ടനിൽ ജോലിയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് കുഴഞ്ഞുവീണത്.
ഇദ്ദഹത്തെ റോയൽ നേവി ഉദ്യോഗസ്ഥരും സേനയിലെ ചില സഹപ്രവർത്തകരും ചേർന്ന് ഉടൻ തന്നെ ഇവിടെ നിന്ന് സ്ട്രെറ്റ്ച്ചറിൽ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം, നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരമെന്ന് ഈവനിങ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിക്കുന്നതിന് മുമ്പായിരുന്നു സംഭവം.
ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ലോകമെമ്പാടുമുള്ള നിരവധി നേതാക്കൾ എത്തിയിട്ടുണ്ട്. ചടങ്ങിന് സാക്ഷ്യം വഹിക്കാനും രാജ്ഞിയെ ഒരു നോക്കു കാണാനും ലക്ഷക്കണക്കിന് ആളുകളാണ് രാവിലെ മുതൽ നഗരത്തിന്റെ തെരുവുകളിൽ അണിനിരന്നത്.
രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുകയാണ്. രാവിലെ 11ന് ലണ്ടൻ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ആബെയിലേക്കു കൊണ്ടുപോയി. യാത്രയിൽ 1600 സൈനികർ അകമ്പടിയേകി. വെസ്റ്റ്മിൻസ്റ്റർ ആബെയിലാണ് സംസ്കാരത്തിന്റെ ആദ്യ ചടങ്ങുകൾ നടന്നത്.
ശേഷം ഇവിടെ നിന്ന് വെല്ലിങ്ടൺ ആർച്ചിലേക്ക് മൃതദേഹം കൊണ്ടുപോയി. ഇനി സെന്റ് ജോർജ് ചാപ്പലിൽ രാജകുടുംബാംഗങ്ങുടെയും പഴ്സനൽ സ്റ്റാഫിന്റെയുമെല്ലാം സാന്നിധ്യത്തിൽ, രണ്ടാംഘട്ട സംസ്കാര ചടങ്ങുകൾ നടക്കും. ഇന്ത്യൻ സമയം അർധരാത്രി 12ന് സെന്റ്. ജോര്ജ് ചാപ്പലിൽ രാജ്ഞിയെ അടക്കം ചെയ്യും.