ഗസ്സയിൽ പോളിയോ വാക്സിനെത്തി; ഞായറാഴ്ച മുതൽ വിതരണം
|നാല് ലക്ഷം ഡോസ് വാക്സിനുകൾ കൂടി അടിയന്തരമായി എത്തിക്കും
ദുബൈ: ഗസ്സയിൽ 1.2 ദശലക്ഷം ഡോസ് പോളിയോ വാക്സിൻ വിതരണം ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അറിയിച്ചു. നാല് ലക്ഷം ഡോസ് വാക്സിനുകൾ കൂടി അടിയന്തരമായി എത്തിക്കുമെന്ന് സംഘടന ഉറപ്പു നൽകി. വാക്സിനേഷനു വേണ്ടി മൂന്ന് ദിവസത്തെ ഭാഗിക വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചിരുന്നു. ഇതിലൂടെ യുദ്ധബാധിത മേഖലയിൽ താമസിക്കുന്ന 640,000-ത്തിലധികം കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
വാക്സിനേഷൻ ഡ്രൈവ് ഞായറാഴ്ച ആരംഭിക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ പറഞ്ഞു. ഭാഗിക വെടിനിർത്തലിനെ ഇസ്രായേൽ സൈന്യവും ഹമാസും ബഹുമാനിക്കണമെന്ന് യുഎൻ ഉദ്യോഗസ്ഥർ പറഞ്ഞു. 2,000-ത്തിലധികം ആരോഗ്യ- സാമൂഹ്യ പ്രവർത്തകർ വാക്സിനേഷൻ ഡ്രൈവിൽ ഉൾപ്പെടുന്നുണ്ട്.
യുദ്ധം തകർത്ത ഗസ്സയിൽ 10 മാസം പ്രായമുള്ള കുഞ്ഞിനാണ് പോളിയോ വൈറസ് ബാധയുണ്ടായത്. ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച ഈ കുഞ്ഞിന് കഴിഞ്ഞയാഴ്ച പക്ഷാഘാതം സംഭവിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് 25 വർഷത്തിനിടെ ഇത്തരമൊരു കേസ് ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഇതോടെ എല്ലാ കുഞ്ഞുങ്ങൾക്കും അടിയന്തര പ്രതിരോധ കുത്തിവയ്പ്പുകൾ നൽകണമെന്ന ആവശ്യവുമായി യു.എൻ ഏജൻസികൾ രംഗത്തുവരികയായിരുന്നു.