World
​ഗസ്സയിൽ പോളിയോ വാക്സിനെത്തി; ഞായറാഴ്ച മുതൽ വിതരണം
World

​ഗസ്സയിൽ പോളിയോ വാക്സിനെത്തി; ഞായറാഴ്ച മുതൽ വിതരണം

Web Desk
|
31 Aug 2024 2:06 PM GMT

നാല് ലക്ഷം ഡോസ് വാക്സിനുകൾ കൂടി അടിയന്തരമായി എത്തിക്കും

ദുബൈ: ​ഗസ്സയിൽ 1.2 ദശലക്ഷം ഡോസ് പോളിയോ വാക്സിൻ വിതരണം ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അറിയിച്ചു. നാല് ലക്ഷം ഡോസ് വാക്സിനുകൾ കൂടി അടിയന്തരമായി എത്തിക്കുമെന്ന് സംഘടന ഉറപ്പു നൽകി. വാക്സിനേഷനു വേണ്ടി മൂന്ന് ദിവസത്തെ ഭാ​ഗിക വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചിരുന്നു. ഇതിലൂടെ യുദ്ധബാധിത മേഖലയിൽ താമസിക്കുന്ന 640,000-ത്തിലധികം കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

വാക്സിനേഷൻ ഡ്രൈവ് ഞായറാഴ്ച ആരംഭിക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ പറഞ്ഞു. ഭാ​ഗിക വെടിനിർത്തലിനെ ഇസ്രായേൽ സൈന്യവും ഹമാസും ബഹുമാനിക്കണമെന്ന് യുഎൻ ഉദ്യോഗസ്ഥർ പറഞ്ഞു. 2,000-ത്തിലധികം ആരോഗ്യ- സാമൂഹ്യ പ്രവർത്തകർ വാക്സിനേഷൻ ഡ്രൈവിൽ ഉൾപ്പെടുന്നുണ്ട്.

യുദ്ധം തകർത്ത ​ഗസ്സയിൽ 10 മാസം പ്രായമുള്ള കുഞ്ഞിനാണ് പോളിയോ വൈറസ് ബാധയുണ്ടായത്. ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച ഈ കുഞ്ഞിന് കഴിഞ്ഞയാഴ്ച പക്ഷാ​ഘാതം സംഭവിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് 25 വർഷത്തിനിടെ ഇത്തരമൊരു കേസ് ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ലോകാരോ​ഗ്യ സംഘടന അറിയിച്ചിരുന്നു. ഇതോടെ എല്ലാ കുഞ്ഞുങ്ങൾക്കും അടിയന്തര പ്രതിരോധ കുത്തിവയ്പ്പുകൾ നൽകണമെന്ന ആവശ്യവുമായി യു.എൻ ഏജൻസികൾ രം​ഗത്തുവരികയായിരുന്നു.

Similar Posts