World
Donald Trump
World

'രണ്ട് പേരും ജീവിതത്തിന് എതിരായവർ'; ട്രംപിനെയും കമലാ ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ

Web Desk
|
14 Sep 2024 7:42 AM GMT

കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ട്രംപിനെ വിമർശിച്ചതെങ്കിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ.

ജീവിതത്തിന് എതിരായ രണ്ട് പേരാണ് സ്ഥാനാർഥികൾ. ആരാണോ തിന്മ കുറച്ച് ചെയ്യുന്നത്, അവരെ തെര‍ഞ്ഞെടുക്കുക എന്നാണ് മാർപാപ്പ പറഞ്ഞത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കാത്തോലിക്ക വിഭാ​ഗം വോട്ടർമാർ ആരെയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യത്തിനുളള മറുപടിയായാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണം.

കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ഡോണൾഡ് ട്രംപിനെ വിമർശിച്ചതെങ്കിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്. ഡോണൾഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും പേരു പരാമർശിക്കാതെയായിരുന്നു മാർപാപ്പയുടെ വിമർശനം.

12 ദിന ഏഷ്യ-പസഫിക് സന്ദർശനത്തിന് ശേഷം റോമിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ ഒരു അമേരിക്കക്കാരനല്ല. എനിക്ക് അവിടെ വോട്ടില്ല. കുടിയേറ്റക്കാരെ സ്വാ​ഗതം ചെയ്യാതിരിക്കുന്നതും അവർക്ക് ജോലി ചെയ്യാനുള്ള അവസരം നൽകാത്തതും പാപമാണ്. ഗർഭഛിദ്രം കൊലപാതകമായതിനാലാണ് സഭ ഇക്കാര്യത്തെ എതിർക്കുന്നത്', മാർപ്പാപ്പ പറഞ്ഞു.

എല്ലാവരോടും വോട്ട് രേഖപ്പെടുത്തണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. വോട്ടെടുപ്പ് മോശമായ കാര്യമല്ല എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്നും കുറഞ്ഞ തിന്മയെ തെരഞ്ഞെടുക്കണമെന്നുമാണ് മാർപ്പാപ്പ വ്യക്തമാക്കുന്നത്.

Similar Posts