World
Pope Francis calls Catholic faithful of parish in Gaza
World

ഗസ്സയിലെ ലത്തീൻ പള്ളി അധികൃതരെ ഫോണിൽ വിളിച്ച് മാർപ്പാപ്പ; പിന്തുണ തന്ന ധൈര്യം ചെറുതല്ലെന്ന് അധികൃതർ

Web Desk
|
21 Oct 2023 10:18 AM GMT

ഗസ്സയിലെ ഏക ലത്തീൻ പള്ളിയായ ഹോളി ഫാമിലി പാരിഷിൽ അഭയം പ്രാപിച്ചിരിക്കുന്നവരുടെ വിവരം തിരക്കിയാണ് മാർപ്പാപ്പ ഫോണിൽ ബന്ധപ്പെട്ടത്

ഗസ്സ സിറ്റി: ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വിവരം തിരക്കി ലത്തീൻ പള്ളി അധികൃതരെ ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപ്പാപ്പ. ദുരിതബാധിതരെ താമസിപ്പിച്ചിരിക്കുന്ന ഹോളി ഫാമിലി പാരിഷ് ഹാൾ അധികൃതരെയാണ് മാർപ്പാപ്പ ഫോണിൽ വിളിച്ചത്. ഫലസ്തീൻ ജനതയെ പ്രാർഥനകളിൽ ഉൾപ്പെടുത്തുന്നുവെന്നും പിന്തുണ അറിയിക്കുന്നുവെന്നും മാർപ്പാപ്പ പറഞ്ഞതായി സിസ്റ്റർ നെബില സലേ അറിയിച്ചു.

ഗസ്സയിലെ ഏക ലത്തീൻ പള്ളിയായ ഹോളി ഫാമിലി പാരിഷിൽ അഭയം പ്രാപിച്ചിരിക്കുന്നവരുടെ വിവരം തിരക്കിയാണ് മാർപ്പാപ്പ ഫോണിൽ ബന്ധപ്പെട്ടത്. ദുരിതത്തിന്റെ ആഴം മനസ്സിലാകുന്നുണ്ടെന്നും പ്രാർഥനകളിൽ ഗസ്സയും ജനങ്ങളും എപ്പോഴുമുണ്ടെന്നും മാർപ്പാപ്പ അറിയിച്ചതായി വത്തിക്കാൻ ന്യൂസിന് നൽകി അഭിമുഖത്തിൽ സിസ്റ്റർ നബീല പറഞ്ഞു.

"പള്ളി വികാരിയായ ഫാദർ യൂസഫിനെയാണ് മാർപ്പാപ്പ വിളിച്ചത്. മാർപ്പാപ്പയ്ക്ക് ഇറ്റാലിയൻ അത്ര നന്നായി സംസാരിക്കാനറിയാത്തതിനാൽ അദ്ദേഹം ഫോൺ എനിക്ക് തന്നു. എത്രയാളുകൾ പള്ളിയിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്നാണ് മാർപ്പാപ്പ ആദ്യം തിരക്കിയത്. കുട്ടികളടക്കം അഞ്ഞൂറോളം ആളുകളുണ്ടിവിടെ. എല്ലാവരെയും പ്രാർഥനയിലുൾപ്പെടുത്തുന്നുവെന്നും എല്ലാ പിന്തുണയും നൽകുന്നുവെന്നും മാർപ്പാപ്പ അറിയിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ നൽകുന്ന ധൈര്യം പറഞ്ഞറിയിക്കാനാവുന്നതല്ല". സിസ്റ്റർ നബീല പറഞ്ഞു.

ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇടപെടലുണ്ടാവണമെന്ന് താൻ മാർപ്പാപ്പയോട് അഭ്യർഥിച്ചതായും സിസ്റ്റർ കൂട്ടിച്ചേർത്തു.

Similar Posts