‘യുദ്ധം ഒരു പരാജയമാണ്; ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കണം‘; സമാധാന ആഹ്വാനവുമായി മാർപ്പാപ്പ
|ഇസ്രായേലിന്റെയും ഫലസ്തീന്റെയും സമാധാനത്തിനായി പ്രാർഥിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
വത്തിക്കാൻ സിറ്റി: ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. യുദ്ധം ഒരു പരാജയമാണെന്നും നിരവധി നിരപരാധികളുടെ മരണത്തിനും കഷ്ടപ്പാടിനുമാണ് അത് കാരണമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദവും യുദ്ധവും ഒന്നിനും പരിഹാരമല്ലെന്നും സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ഞായറാഴ്ച പ്രാർഥനയിൽ ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
ഇസ്രായേലിന്റെയും ഫലസ്തീന്റെയും സമാധാനത്തിനായി പ്രാർഥിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. 'യുദ്ധം ഒരു പരാജയമാണ്. പരാജയം മാത്രം. ദയവായി ആക്രമണങ്ങൾ നിർത്തൂ. കാരണം തീവ്രവാദവും യുദ്ധവും ഒന്നിനും പരിഹാരമല്ല. മറിച്ച് നിരവധി നിരപരാധികളുടെ മരണത്തിനും കഷ്ടപ്പാടുകൾക്കും മാത്രമേ കാരണമാകൂ എന്ന് മനസിലാക്കണം. ഇസ്രായേലിലും ഫലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാർഥിക്കാം'- അദ്ദേഹം വിശദമാക്കി.
അതേസമയം, ഗസയിൽ ഹമാസും ഇസ്രായേലും ആക്രമണം കടുപ്പിച്ചതോടെ മരണസംഖ്യ ഉയരുകയാണ്. ഹമാസ് ആക്രമണത്തിൽ മരണം 600 കടന്നതായി ഇസ്രായേൽ പറയുന്നു. പരിക്കേറ്റവരുടെ എണ്ണം 2000 പിന്നിട്ടെന്നും ഇസ്രായേൽ അറിയിച്ചു. രാജ്യത്തിനുള്ളിൽ കടന്ന് നടത്തിയ ആക്രമണത്തിന് ഗസയ്ക്ക് മേൽ കൂടുതൽ വ്യോമാക്രമണം നടത്തുകയാണ് ഇസ്രായേൽ.
അതിനിടെ, ഗസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതിനോടകം 313 പേർ കൊല്ലപ്പെടുകയും 2000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ 20 കുട്ടികളും ഉൾപ്പെടും. വടക്കു പടിഞ്ഞാറൻ ഇസ്രായേലിലെ സൈനികതാവളവും ഹമാസ് കീഴടക്കിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. കിസ്സൂഫിമിലെ ഇസ്രായേൽ സൈനികതാവളത്തിലാണ് ഖസ്സാം ബ്രിഗേഡ് ഹമാസ് പതാക നാട്ടിയത്. മിഡിലീസ്റ്റ് ഒബ്‌സർവെർ ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.