'യേശു ജനിച്ച മണ്ണിൽ തന്നെ ആ സമാധാന സന്ദേശം മരിച്ചു'; ക്രിസ്മസ് സന്ദേശത്തിൽ മാർപ്പാപ്പ
|ഗസ്സയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്രിസ്മസ് ആഘോഷം വേണ്ടെന്ന് വെച്ചിരിക്കുകയാണ് ബെത്‌ലഹേമിലെ വിശ്വാസികൾ
വത്തിക്കാൻ: ക്രിസ്മസ് ദിന സന്ദേശത്തിൽ സമാധാനത്തിനായി അഭ്യർഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. യേശു ജനിച്ച മണ്ണിൽ സമാധാന സന്ദേശം മരിച്ചുവെന്നും യുദ്ധക്കെടുതിയിലുള്ള സഹോദരങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും മാർപ്പാപ്പ സന്ദേശത്തിൽ പറഞ്ഞു.
"ഈ രാവിൽ നമ്മുടെയെല്ലാം ഹൃദയം ബത്‌ലഹേമിലാണ്. യേശു ജനിച്ച മണ്ണിൽ സമാധാനം മരിച്ചു. അർഥശൂന്യമായ ഈ യുദ്ധത്തിൽ, ആയുധങ്ങളുടെ ഏറ്റുമുട്ടലിലൂടെ സമാധാനത്തിന്റെ രാജകുമാരൻ വീണ്ടും തിരസ്‌കരിക്കപ്പെട്ടിരിക്കുന്നു". മാർപ്പാപ്പ പറഞ്ഞു.
ഗസ്സയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്രിസ്മസ് ആഘോഷം വേണ്ടെന്ന് വെച്ചിരിക്കുകയാണ് ബെത്‌ലഹേമിലെ വിശ്വാസികൾ. ആയിരങ്ങൾ എത്താറുള്ള ചർച്ച് ഓഫ് നേറ്റിവിറ്റിയും ഇന്ന് വിജനമാണ്.
യുദ്ധഭീതിക്ക് പിന്നാലെ ജനങ്ങൾ ആഘോഷം ഉപേക്ഷിച്ചതോടെ തീർത്ഥാടകരെ കൊണ്ട് തിരക്കിലമരാറുള്ള ഹോട്ടലുകളും റെസ്റ്റോറന്റുകളും കടകളുമെല്ലൊം അടഞ്ഞുകിടക്കുകയാണ്. ബെത്‌ലഹേമിലെ പള്ളികളിലും അവരുടെ ആഘോഷങ്ങൾ റദ്ദാക്കി പ്രാർത്ഥനകൾക്ക് മാത്രമായി തുറന്നുകൊടുത്തിരിക്കുകയാണ്.