World
pope francis
World

ഗസ്സയിലെ​ വംശഹത്യ​​ ആരോപണം അന്വേഷിക്ക​ണമെന്ന്​ മാർപാപ്പ; എതിർപ്പുമായി​ ഇസ്രായേൽ

Web Desk
|
18 Nov 2024 12:13 PM GMT

‘ചില വിദഗ്​ധരുടെ അഭിപ്രായത്തിൽ, ഗസ്സയിൽ നടക്കുന്നത്​ വംശഹത്യയുടെ സ്വഭാവസവിശേഷതകളാണ്​’

വത്തിക്കാൻ: ഗസ്സയിൽ ഇസ്രായേൽ വംശഹത്യയാണോ നടത്തുന്നതെന്ന്​ അന്വേഷിക്ക​ണമെന്ന്​ ഫ്രാൻസിസ്​ മാർപാപ്പ. ഉടൻ പുറത്തിറങ്ങാൻ പോകുന്ന ‘പ്രതീക്ഷ ഒരിക്കലും നിരാശപ്പെടുത്തില്ല: മെച്ചപ്പെട്ട​ ലോകത്തിലേക്കുള്ള തീർഥാടകർ’ എന്ന പുസ്​തകത്തിലാണ്​ മാർപാപ്പയുടെ ഉദ്ധരണിയുള്ളത്​​.

‘ചില വിദഗ്​ധരുടെ അഭിപ്രായത്തിൽ, ഗസ്സയിൽ നടക്കുന്നത്​ വംശഹത്യയുടെ സ്വഭാവസവിശേഷതകളാണ്​. നിയമജ്ഞരും അന്തർദേശീയ സ്​ഥാപനങ്ങളും രൂപപ്പെടുത്തിയ സാ​​ങ്കേതിക നിർവചനവുമായി ഇത്​ യോജിക്കുന്നുണ്ടോ എന്ന്​ നിർണയിക്കാൻ നമ്മൾ ശ്രദ്ധാപൂർവം അന്വേഷണം നടത്തേണ്ടതുണ്ട്​’ -മാർപാപ്പ വ്യക്​തമാക്കി.

പുസ്​തകത്തിൽനിന്നുള്ള മാർപാപ്പയുടെ ഉദ്ധരണികൾ ഇറ്റാലിയൻ പത്രമായ ലാ സ്​റ്റാംപയാണ്​ റിപ്പോർട്ട്​ ചെയ്​തത്​. മാർപാപ്പയുമായുള്ള അഭിമുഖത്തി​െൻറ അടിസ്​ഥാനത്തിൽ ഹെർനാൻ റെയിസ്​ അൽകൈഡ്​ ആണ്​ പുസ്​തകം തയാറാക്കിയിട്ടുള്ളത്​. പുസ്​തകം ചൊവ്വാഴ്​ച പുറത്തിറങ്ങും.

അതേസമയം, മാർപാപ്പയുടെ വംശഹത്യാ പരാമർശത്തിനെതിരെ വത്തിക്കാനിലെ ഇസ്രായേൽ എംബസി രംഗത്തുവന്നു. ‘2023 ഒക്​ടോബർ ഏഴിന്​ ഇസ്രായേൽ പൗരൻമാർക്ക്​ നേരെ വംശഹത്യാ ആക്രമണം നടന്നു. അതിനുശേഷം, തങ്ങളുടെ പൗരൻമാരെ വധിക്കാനുള്ള ഏഴ്​ വ്യത്യസ്​ത മുന്നണികളിൽനിന്നുള്ള ശ്രമങ്ങൾക്കെതിരെ ഇസ്രായേൽ സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉപയോഗിച്ചു. അതിനെ മറ്റേതെങ്കിലും പേരിൽ വിശേഷിപ്പിക്കാനുള്ള ​ഏതൊരു ശ്രമവും യഹൂദ രാഷ്​ട്രത്തെ ഒറ്റപ്പെടുത്താനുള്ളതാണ്​’ -അംബാസഡർ യാറോൺ സൈഡ്​മാനെ ഉദ്ധരിച്ചുകൊണ്ട്​ ഇസ്രായേൽ എംബസി ‘എക്​സി’ൽ പോസ്​റ്റ്​ ചെയ്​തു.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം വംശഹത്യയുടെ സ്വഭാവുമായി പൊരുത്തപ്പെടുന്നതാണെന്ന്​ ഐക്യരാഷ്ട്ര സഭാ കമ്മിറ്റി കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്​. പട്ടിണിയെ യുദ്ധ രീതിയായി ഉപയോഗിക്കുകയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ രീതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ യുഎൻ സ്​പെഷൽ കമ്മിറ്റിയാണ് റി​പ്പോർട്ട് പുറത്തുവിട്ടത്. മലേഷ്യ, സെനഗാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് കമ്മിറ്റിയിലുള്ളത്.

പട്ടിണിയെ യുദ്ധരീതിയായി ഉപയോഗിക്കുന്നതിനാൽ സാധാരണക്കാർ ഗുരുതര പ്രതിസന്ധിയിലാണ്. ഫലസ്തീനികളുടെ ജീവൻ നിലനിർത്താൻ അത്യാവശ്യമായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവ ഇല്ലാതാക്കുന്ന നയങ്ങളെയാണ് യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേൽ അധികൃതർ പിന്തുണക്കുന്നത്. ഗസ്സയിൽ മാത്രമല്ല, മറ്റിടങ്ങളിലും ഇസ്രായേൽ നിരവധി അന്താരാഷ്ട്ര നിയമങ്ങളാണ് ലംഘിച്ചിട്ടുള്ളത്.

ഗസ്സയിൽ സാധാരണക്കാർ കൂട്ടത്തോടെ കൊല്ലപ്പെടുകയാണ്. കിഴിക്കൻ ജെറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരും സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും മനുഷ്യാവകാശങ്ങളും മാനുഷിക നിയമങ്ങളുമെല്ലാം ലംഘിക്കുകയാണ്. മനുഷ്യത്വരഹിതമായ പ്രസ്താവനകൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ​ഇസ്രായേലി സർക്കാറും സൈനിക ഉദ്യോഗസ്ഥ​രും ഉത്തരവാദികളാണെന്നും കമ്മിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ റിപ്പോർട്ട്​ പുറത്തുവന്നതിന്​ പിന്നാലെയാണ്​ മാർപാപ്പയുടെ ഉദ്ധരണികളും ഇപ്പോൾ ചർച്ചയാകുന്നത്​.

ഇസ്രായേൽ ഗസ്സയിലും ലബനാനിലും നടത്തുന്ന ആക്രമണങ്ങളെ നേരത്തെ മാർപാപ്പ പരോക്ഷമായി വിമർശിച്ചിരുന്നു. യുദ്ധങ്ങൾ അധാർമികമാണെന്നും സൈനിക ആധിപത്യം യുദ്ധ നിയമങ്ങൾക്കപ്പുറമാണെന്നും മാർപാപ്പ പറഞ്ഞു. ഇസ്രായേലിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ബെൽജിയത്തിൽനിന്നും താമസസ്ഥലത്തേക്കുള്ള യാത്രാമധ്യേ, ഗസ്സയിലെയും ലബനാനിലെയും ഇസ്രായേൽ ആക്രമണത്തെ കുറിച്ചും ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തെകുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു മാർപാപ്പയുടെ പ്രതികരണം.

പ്രതിരോധം എപ്പോഴും ആക്രമണത്തിന് ആനുപാതികമായിരിക്കണം. ആനുപാതികമല്ലാത്ത ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ധാർമികതയ്ക്ക് അതീതമായി ആധിപത്യ പ്രവണതയുണ്ടാകും. ഇത് ചെയ്യുന്നത് ഏത് രാജ്യമായാലും അത് അധാർമികമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തന്നെ അധാർമികമാണ്. എങ്കിലും അതിലും ചില ധാർമികതയെ സൂചിപ്പിക്കുന്ന നിയമങ്ങളുണ്ടെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

Similar Posts