പ്രാങ്ക് വീഡിയോ ചിത്രീകരണം വിനയായി; യൂട്യൂബർക്കു നേരെ വെടിയുതിർത്ത് യുവാവ്
|പ്രാങ്ക് വീഡിയോ ചെയ്യുന്നത് അവസാനിപ്പിക്കാൻ തനിക്ക് മനസ്സില്ലെന്ന് പരിക്കേറ്റ യൂട്യൂബർ
സോഷ്യൽ മീഡിയയിലെ പ്രാങ്ക് വീഡിയോകൾ ഏറ്റവും നന്നായി ആസ്വദിക്കുന്നവരാണ് ഒട്ടുമിക്കവരും. ഇതിനാകട്ടെ കാഴ്ച്ചക്കാരും വളരെ കൂടുതലാണ്. പ്രാങ്ക് വീഡിയോ ചെയ്യുന്നവർക്ക് തല്ലുകൊള്ളുന്നതും പലപ്പോഴായി കാണാറുമുണ്ട്. ഇപ്പോൾ യു.എസ്സിലെ വിർജീനിയയിൽ നടന്ന ഒരു വിചിത്ര സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രാങ്ക് വീഡിയോ ചിത്രീകരണത്തിനിടെ അത് ആസ്വദിക്കാൻ കഴിയാതെ വന്ന യുവാവ് യൂട്യൂബറായ ടാനർ കുക്കിനു നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവെപ്പിൽ പരിക്കേറ്റ കുക്കിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വയറിലും കരളിലും വെടിയുണ്ട തുളച്ചുകയറിയിട്ടുണ്ട്. പതിവു പോലെ ഡുള്ളസ് ടൗൺ സെന്റർ മാളിൽവെച്ച് ടാനർ കുക്ക് പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. അലൻ കോളിയെന്ന യുവാവായിരുന്നു ടാനർ കുക്കിന്റെ ഇര. വീഡിയോ ചിത്രീകരണത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് അലൻ കോളി കുക്കിന്റെ വയറ്റിൽ എല്ലാവരും നോക്കിനിൽക്കെ വെടിവെക്കുകയുമായിരുന്നു. ക്ലാസിഫൈഡ് ഗുൺസ് എന്ന യൂട്യൂബ് ചാനലിന്റെ ഉള്ളടക്ക സൃഷ്ടാവാണ് ടാനർ കുക്ക്.
സംഭവത്തിൽ 31 കാരനായ അലൻ കോളിയെ ഏപ്രിൽ 2ന് മാളിൽവെച്ച് പൊലീസ് അറസ്റ്റു ചെയ്തു. വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. മാളിൽവെച്ച് പൊലീസ് ഇയാളെ പിന്തുടരുന്നതിന്റെയും അറസ്റ്റ് ചെയ്യുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇയാളിൽ നിന്നും പൊലീസ് തോക്ക് പിടിച്ചെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
''രണ്ടു പേർ തമ്മിൽ വഴക്കിടുന്നത് കണ്ടു. തോക്കിന്റെ ശബ്ദം കേട്ടതും മാളിലുണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി''- ദൃക്‌സാക്ഷിയായ ഷെരീഫ് മൈക്ക് ചാപ്മാൻ പറഞ്ഞു. ''ഞാൻ തമാശയ്ക്കു വേണ്ടി ഒരു കാര്യം ചെയ്യുകയായിരുന്നു. അയാൾക്കത് തമാശയായി എടുക്കാൻ സാധിച്ചില്ല, പിന്നീട് അവൻ എനിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. എന്തായാലും പ്രാങ്ക് വീഡിയോ ചെയ്യുന്നത് അവസാനിപ്പിക്കാൻ എനിക്ക് മനസ്സില്ല''- പരിക്കേറ്റ ടാനർ കുക്ക് പറഞ്ഞു. അലൻ കോളി വെടിയുതിർക്കുന്ന സമയത്ത് തന്റെ സുഹൃത്ത് ക്യാമറ ചെയ്യുകയായിരുന്നുവെന്നും കുക്ക് പറഞ്ഞു. കുക്കിന്റെ സുഹൃത്ത് പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സംഭവത്തിൽ നിർണായകമായ തെളിവായിരിക്കുന്നത്.