World
ഇസ്രായേൽ ആക്രമണം അസ്വീകാര്യം, സ്വതന്ത്ര ഫലസ്തീൻ മാത്രമാണ് പരിഹാരമെന്നും ഈജിപ്ത്
World

ഇസ്രായേൽ ആക്രമണം അസ്വീകാര്യം, സ്വതന്ത്ര ഫലസ്തീൻ മാത്രമാണ് പരിഹാരമെന്നും ഈജിപ്ത്

Web Desk
|
15 Oct 2023 1:46 PM GMT

ഫലസ്തീനികളുടെ ഭാവി ചർച്ച ചെയ്യാൻ അന്താരാഷ്ട്ര സമ്മേളനം വിളിക്കും. സ്വതന്ത്ര ഫലസ്തീൻ മാത്രമാണ് പരിഹാരമെന്നും ഈജിപ്ത് വ്യക്തമാക്കി

കെയ്‌റോ: ഗസ്സയിലെ ഇസ്രായേൽ ആക്രമണം അസ്വീകാര്യമെന്ന് ഈജിപ്ത്. ഫലസ്തീനികളുടെ ഭാവി ചർച്ച ചെയ്യാൻ അന്താരാഷ്ട്ര സമ്മേളനം വിളിക്കും. സ്വതന്ത്ര ഫലസ്തീൻ മാത്രമാണ് പരിഹാരമെന്നും ഈജിപ്ത് വ്യക്തമാക്കി.

പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടെ അദ്ധ്യക്ഷതയിൽ നടന്ന ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ഈജിപ്ത് നിലപാട് വ്യക്തമാക്കിയത്. ഗസ്സയിലെ നിലവിലെ സാഹചര്യങ്ങൾ യോഗത്തിൽ ചർച്ചയായി.

സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ കുറക്കാൻ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും ചർച്ചകള്‍ നടത്തും. ഗസ്സയിലേക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിന് അന്താരാഷ്ട്ര പ്രാദേശിക ദുരിതാശ്വാസ സംഘടനകളുമായുള്ള ബന്ധം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.

അതേസമയം ഗസ്സ പിടിക്കാൻ കരയുദ്ധം ഉൾപ്പെടെ കടുത്ത ആക്രമണങ്ങൾക്ക്​ തയാറെടുപ്പുകൾ ഇസ്രായേൽ ഊർജിതമാക്കി. സിദ്​റത്ത്​ ഉൾപ്പെടെ അതിർത്തി പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ പൂർണമായും ഒഴിപ്പിച്ചു. ലബനാനിൽ നിന്നുള്ള ഷെല്ലാക്രമണങ്ങൾക്ക്​ മറുപടിയായി ഹിസ്​ബുല്ല കേന്ദ്രങ്ങൾക്ക്​ നേരെയും ഇസ്രായേൽ ആക്രമണം നടത്തി. ഗസ്സയിൽ സഹായം എത്തിക്കാനുള്ള അന്തർദേശീയനീക്കം വിജയിച്ചില്ല.

കൂടുതൽ കടുപ്പമേറിയ ആക്രമണങ്ങൾക്ക്​ തയാറെടുക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു സൈന്യത്തോട്​ ആവശ്യപ്പെട്ടു. യുദ്ധഗതി ഇസ്രായേൽ തീരുമാനിച്ച്​ നടപ്പാക്കുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു. നൂറുകണക്കിന്​ കവചിത വാഹനങ്ങൾ അതിർത്തിയിൽ ഇസ്രായേൽ സൈന്യത്തിന്റെ നിർദേശം കാത്തിരിക്കുകയാണ്​.

അതേസമയം വടക്കൻ ഗസ്സയിൽ നിന്ന്​ ഫലസ്​തീൻ പലായനം തുടരുകയാണ്​. സ്​ഥിതിഗതികൾ കൂടുതൽ ഗുരുതരമാണെന്ന്​ യു.എൻ ഏജൻസികളും സന്നദ്ധ സംഘടനകളും മുന്നറിയിപ്പ് നല്‍കി.


Summary-President El-Sisi Chairs a meeting of the National Security Council

Similar Posts