ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്
|രണ്ടാംഘട്ട വോട്ടെടുപ്പ് ജൂലൈ അഞ്ചിന് നടക്കും
തെഹറാൻ: ഇറാനിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ സ്ഥാനാർഥികൾക്കാർക്കും 51 ശതമാനത്തിലേറെ വോട്ടുകൾ നേടാനാകാത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് ജൂലൈ അഞ്ചിന് നടക്കും.
പാർലമെന്റംഗം മസൂദ് പെസഷ്കിയാനും സുരക്ഷാ ഉദ്യോഗസ്ഥനായ സഈദ് ജലീലിയുമാണ് ആദ്യഘട്ടത്തിൽ മുന്നിലെത്തിയത്. 24.5 ദശലക്ഷത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ മസൂദ് 10.4 ദശലക്ഷം വോട്ടുകളും, സഈദ് ജലീില 9.5 ദശലക്ഷം വോട്ടുകളും നേടി.
അസർബൈജാനിൽ നിന്ന് മടങ്ങുന്നതിനിടയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
നാമനിർദേശ പത്രിക സമർപ്പിച്ച 80 പേരിൽ ആറ് പേർക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗാർഡിയൻ കൗൺസിൽ അനുമതി നൽകിയത്.