നിശ്ചയിച്ച മൂല്യത്തേക്കാൾ അഞ്ചിരട്ടിയിലധികം തുക; ഡയാന രാജകുമാരിയുടെ ഗൗൺ 4.9 കോടിക്ക് ലേലം ചെയ്തു
|ലേലത്തിൽ വിറ്റഴിക്കപ്പെട്ട ഡയാന രാജകുമാരിയുടെ വസ്ത്രങ്ങളിൽ ഏറ്റവും വില ലഭിച്ചതായി ഗൗൺ മാറി
ന്യൂയോർക്ക്: ഡയാന രാജകുമാരിയുടെ പർപ്പിൾ വെൽവെറ്റ് ഗൗൺ വെള്ളിയാഴ്ച നടന്ന ലേലത്തിൽ 600,000 ഡോളറിന് (ഏകദേശം 4.9 കോടി രൂപ) വിറ്റു. മുമ്പ് നിശ്ചയിച്ച മൂല്യത്തേക്കാൾ അഞ്ചിരട്ടിയിലധികം തുകയാണ് ഈ വസ്ത്രത്തിന് ലഭിച്ചത്. ഇതോടെ ലേലത്തിൽ വിറ്റഴിക്കപ്പെട്ട ഡയാന രാജകുമാരിയുടെ വസ്ത്രങ്ങളിൽ ഏറ്റവും വില ലഭിച്ചതായി ഗൗൺ മാറി. 1985 വൈറ്റ് ഹൗസിൽ ജോൺ ട്രവോൾട്ടയ്ക്കൊപ്പം നൃത്തം ചെയ്തപ്പോൾ ഡയാന ധരിച്ച കറുപ്പ് ഗൗൺ 2019-ൽ 347,000 ഡോളറിന് വിറ്റുപോയിരുന്നതായും ഇതിനെയാണ് ഇന്നത്തെ ലേലം മറികടന്നതെന്നും സോഥെബി പറഞ്ഞു. ന്യൂയോർക്കിലെ സോഥെബിസാണ് ലേലം സംഘടിപ്പിച്ചത്.
രാജകുമാരി 1991-ൽ റോയൽ പോർട്രൈറ്റിലും 1997-ലെ വാനിറ്റി ഫെയർ ഫോട്ടോഷൂട്ടിലും ഗൗൺ ധരിച്ചിരുന്നു. ഗൗണിന്റെ ഏകദേശ വില 80,000 - 120,000 ഡോളറാണെന്ന് സോഥെബിയുടെ വെബ്സൈറ്റിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്ച നടന്ന ലേലത്തിൽ നാല് ലേലക്കാരാണ് പങ്കെടുത്തതെന്നും തുടർന്ന് ഫീസ് ഉൾപ്പെടെ 604,800 ഡോളറിന് വിൽക്കുകയായിരുന്നുവെന്ന് സോഥെബിയെ ഉദ്ധരിച്ച് ഫോർബ്സ് റിപ്പോർട്ട് ചെയ്തു.
1989 ലെ ശരത്കാല ശേഖരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഡിസൈനർ വിക്ടർ എഡൽസ്റ്റൈനാണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്തത്. 1982 മുതൽ 1993 വരെ ഡയാന രാജകുമാരിയുടെ ദീർഘകാല ഫാഷൻ ഡിസൈനറായിരുന്നു വിക്ടർ എഡൽസ്റ്റൈൻ. ഗൗൺ 1997-ലാണ് ആദ്യമായി ലേലം ചെയ്തത്. 24,150 ഡോളറിനായിരുന്നു അന്ന് ലേലം ചെയ്യപ്പെട്ടത്. ഇതിന്റെ വരുമാനം എയ്ഡ്സ് ക്രൈസിസ് ട്രസ്റ്റിലേക്കും റോയൽ മാർസ്ഡൻ ഹോസ്പിറ്റലിലേക്കും നൽകിയെന്നാണ് വാനിറ്റി ഫെയർ റിപ്പോർട്ടിൽ പറയുന്നത്.
1980കളുടെ അവസാനത്തിലെ ഫാഷനെയാണ് ഈ വസ്ത്രം പ്രതിനിധീകരിക്കുന്നതെന്നാണ് സോഥെബിസിലെ ഫാഷൻ ആന്റ് ആക്സസറികളുടെ ആഗോള തലവനും സീനിയർ വൈസ് പ്രസിഡന്റുമായ സിന്തിയ ഹൂൾട്ടൺ പറയുന്നത്. അതേസമയം, ലേലത്തിൽ വെക്കപ്പെട്ട ലെബ്രോൺ ജെയിംസിന്റെ ജേഴ്സി 3.7 മില്യൺ ഡോളറിന് വിറ്റുപോയി.
Princess Diana's gown was auctioned for 4.9 crores