World
അവസാന ഫോട്ടോഷൂട്ടിൽ അണിഞ്ഞ വസ്ത്രം: ഡയാന രാജകുമാരിയുടെ പ്രശസ്തമായ പർപ്പിൾ ഗൗൺ ലേലത്തിന്
World

'അവസാന ഫോട്ടോഷൂട്ടിൽ അണിഞ്ഞ വസ്ത്രം': ഡയാന രാജകുമാരിയുടെ പ്രശസ്തമായ പർപ്പിൾ ഗൗൺ ലേലത്തിന്

Web Desk
|
19 Jan 2023 4:38 PM GMT

1991ൽ രാജകുടുംബത്തിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് ഡയാന ആദ്യമായി ഈ ഗൗൺ അണിയുന്നത്

ഡയാന രാജകുമാരിയുടെ പർപ്പിൾ ഗൗൺ ലേലത്തിന്. അവസാനത്തെ ഔദ്യോഗിക ഫോട്ടോഷൂട്ടിൽ ഡയാന അണിഞ്ഞ വസ്ത്രം 25 വർഷത്തിനിടയിൽ ആദ്യമായാണ് ലേലത്തിന് വയ്ക്കുന്നത്.

ന്യൂയോർക്കിൽ ഈ മാസാവസാമാണ് ലേലം. 120000 പൗണ്ടിനാണ് ഗൗൺ ലേലത്തിന് വയ്ക്കുന്നത്. 'ദി വൺ' എന്ന ടൈറ്റിലോടെ ഗൗൺ സോതെബീസ് എന്ന കമ്പനിയാണ് ഗൗൺ ലേലം ചെയ്യുക.

വിക്ടർ എഡൽസ്‌റ്റെയ്ൻ എന്ന ഡിസൈനർ 1989ൽ തന്റെ ഓട്ടം കളക്ഷന്റെ ഭാഗമായി നിർമിച്ച വസ്ത്രം ഡയാനയുടെ ഏറ്റവും പ്രശസ്തിയാർജിച്ച ഔട്ട്ഫിറ്റുകളിൽ ഒന്നാണ്. 1991ൽ രാജകുടുംബത്തിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് ഡയാന ആദ്യമായി ഈ ഗൗൺ അണിയുന്നത്. ലോർഡ് സ്‌നോഡൻ എടുത്ത ചിത്രം വലിയ രീതിയിൽ ജനശ്രദ്ധ നേടി. നിലവിൽ ലണ്ടനിലെ റോയൽ മാർസ്‌ഡെൻ ആശുപത്രിയിലാണ് ചിത്രമുള്ളത്.

1997ൽ വാനിറ്റി ഫെയറിന് വേണ്ടി ഫോട്ടോഷൂട്ടിനെത്തിയപ്പോഴും ഇതേ ഗൗൺ ആയിരുന്നു ഡയാനയുടെ തീരുമാനം. ഇതിന് ശേഷം ഒരു ചാരിറ്റി സംഘടനയ്ക്ക് വേണ്ടി തന്റെ 80ഓളം വസ്ത്രങ്ങൾക്കൊപ്പം ഈ ഗൗണും ഡയാന ലേലം ചെയ്തു. എയ്ഡ്‌സ്,ക്യാൻസർ രോഗികളുടെ ചികിത്സാ സഹായത്തിനാണ് ലേലത്തുകയായി കിട്ടിയ 250000 പൗണ്ടും വിനിയോഗിച്ചത്.

അവസാനത്തെ ഫോട്ടോഷൂട്ട് നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിലായിരുന്നു ചാൾസ് രാജകുമാരനുമായുള്ള അസ്വാരസ്യങ്ങളെക്കുറിച്ച് ഡയാന ആദ്യമായി പൊതുമധ്യത്തിൽ തുറന്നടിക്കുന്നത്. തുടർന്ന് ഓഗസ്റ്റ് 31ന് ഒരു വാഹനാപകടത്തിൽ ഡയാന കൊല്ലപ്പെട്ടു.

ഗൗണിനൊപ്പം വെങ്കല യുഗത്തിലെ വസ്തുക്കളും 18ാം നൂറ്റാണ്ടിലെ ചൈനീസ് ശിൽപങ്ങളും കോബ് ബ്രയന്റിന്റെയും ലീബ്രോൺ ജെയിംസിന്റെയും ബാസ്‌കറ്റ് ബോൾ യൂണിഫോമും ലേലത്തിന് വയ്ക്കുന്നുണ്ട്. ഇത് കൂടാതെ ജോൺ എഫ് കെന്നഡിയുടെ 1962ലെ ജന്മദിനാഘോഷത്തിന്റെ ടിക്കറ്റും ലേലത്തിന് വയ്ക്കും. ഈ പാർട്ടിയിലാണ് മെർലിൻ മൺറോ കെന്നഡിക്ക് വേണ്ടി ആശംസാഗാനം ആലപിച്ചത്. ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു.

Similar Posts