World
ഇൽഹാൻ ഉമറിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഇസ്രായേൽ അനുകൂല സംഘടന 350,000 ഡോളർ സംഭാവന നൽകിയതായി റിപ്പോർട്ട്
World

ഇൽഹാൻ ഉമറിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഇസ്രായേൽ അനുകൂല സംഘടന 350,000 ഡോളർ സംഭാവന നൽകിയതായി റിപ്പോർട്ട്

Web Desk
|
22 Sep 2022 12:41 PM GMT

2019 മുതൽ മിനസോട്ടയിൽനിന്നുള്ള യുഎസ് കോൺഗ്രസ് അംഗമായ ഇൽഹാൻ ഉമർ യു.എസ് ഇസ്രായേലിന് സൈനിക സഹായം നൽകുന്നതിൽ കടുത്ത വിമർശനം ഉന്നയിക്കുന്ന വ്യക്തിയാണ്.

വാഷിങ്ടൺ: യു.എസ് കോൺഗ്രസ് അംഗവും ഇസ്രായേൽ വിമർശകയുമായി ഇൽഹാൻ ഉമറിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഇസ്രായേൽ അനുകൂല സംഘടന 350,000 ഡോളർ സംഭാവന നൽകിയതായി റിപ്പോർട്ട്. മിനസോട്ട പ്രൈമറി തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ്, അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന യുണൈറ്റഡ് ഡെമോക്രസി പ്രൊജക്റ്റ് (യുഡിപി), ഉമറിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച 'മേക്ക് എ ഡിഫറൻസ് എംഎൻ-05' എന്ന പുതിയ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്ക് പണം അയച്ചെന്ന് 'ജ്യൂയിഷ് ഇൻസൈഡർ' റിപ്പോർട്ട് ചെയ്തു.

2019 മുതൽ മിനസോട്ടയിൽനിന്നുള്ള യുഎസ് കോൺഗ്രസ് അംഗമായ ഇൽഹാൻ ഉമർ യു.എസ് ഇസ്രായേലിന് സൈനിക സഹായം നൽകുന്നതിൽ കടുത്ത വിമർശനം ഉന്നയിക്കുന്ന വ്യക്തിയാണ്. ''ഒരു ഉത്തരവാദിത്തവുമില്ലാതെ നമ്മൾ ഇസ്രായേൽ സർക്കാരിന് ഒരു വർഷം 3.8 ബില്യൺ ഡോളർ സൈനിക സഹായം നൽകുന്നു. നമ്മൾ സംസാരിക്കുമ്പോൾ, ഇസ്രായേലി സൈന്യം 500-ലധികം ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കാൻ പദ്ധതിയിടുന്നു. ഈ അക്രമത്തിന് ധനസഹായം നൽകാൻ നമ്മുടെ പണം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം''- കഴിഞ്ഞ വർഷം ശൈഖ് ജറാഹിലെ സംഘർഷ സമയത്ത് ഇൽഹാൻ ഉമർ തുറന്നടിച്ചു.

ഇൽഹാൻ ഉമറിന്റെ എതിർ സ്ഥാനാർഥിയായിരുന്ന ജോൺ സാമുവൽസിന്റെ കയ്യിലേക്കാണ് യുഡിപി സംഭാവന ചെയ്ത പണം എത്തിയതെന്ന് ജ്യൂയിഷ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു. 2,500 വോട്ടുകൾക്കാണ് ഇൽഹാൻ ഉമർ സാമുവൽസിനെ പരാജയപ്പെടുത്തിയത്.

Similar Posts