World
കോവിഡ് നിന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം; ന്യൂസിലാൻഡിൽ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി
World

കോവിഡ് നിന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം; ന്യൂസിലാൻഡിൽ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി

Web Desk
|
2 March 2022 8:13 AM GMT

ന്യൂസിലാൻഡ് പാർലമെന്റിന് പുറത്ത് തടിച്ചു കൂടുകയും ആക്രമണത്തിന് മുതിരുകയും ചെയ്ത പ്രക്ഷോഭകരെ കുരുമുളക് സ്‌പ്രേകൊണ്ടാണ് പൊലീസ് നേരിട്ടത്

ന്യൂസിലാൻഡിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്യാത്തതിനെ തുടർന്ന് ദീർഘകാലം പ്രതിഷേധത്തിലേർപ്പെട്ട പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുൾപ്പടെ നിരവധിയാളുകൾക്ക് പരിക്കേറ്റു. 36 പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ന്യൂസിലാൻഡിലെ പാർലമെന്റ് സ്ഥിതി ചെയ്യുന്ന വെല്ലിംഗ്ടണിലാണ് പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ന്യൂസിലാൻഡ് പാർലമെന്റിന് പുറത്ത് തടിച്ചു കൂടുകയും ആക്രമണത്തിന് മുതിരുകയും ചെയ്ത പ്രക്ഷോഭകരെ കുരുമുളക് സ്‌പ്രേകൊണ്ടാണ് പൊലീസ് നേരിട്ടത്. പ്രക്ഷോഭകരിൽ നിന്ന് ആക്രമണവും പ്രതിഷേധവും ശക്തമായതോടെ പൊലീസ് തുടർ നടപടി സ്വീകരിക്കുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് മൂന്നാഴ്ച്ചയിലേറെയായി ഗതാഗത തടസ്സം നേരിടുന്ന ന്യൂസിലാൻഡ് പാർലമെന്റിന് ചുറ്റുമുള്ള റോഡുകൾ വൃത്തിയാക്കാൻ നൂറുകണക്കിന് ഉദ്യോഗസ്ഥർ വെല്ലിംഗ്ടണിലെ തെരുവുകളിൽ പുലർച്ചെ എത്തിയിരുന്നു.

പ്രക്ഷോഭകർ പിച്ച്‌ഫോർക്കുകൾ കൊണ്ട് തങ്ങൾക്കെതിരെ ആക്രമണത്തിന് മുതിരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രക്ഷോഭകരിൽ നിന്നും പൊലീസിനെതിരെ കനത്ത ആക്രമണമാണുണ്ടായതെന്നും അവരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് കമ്മീഷണർ ആൻഡ്രൂ കോസ്റ്റർ പറഞ്ഞു. വെല്ലിംഗ്ടൺ നിവാസികളോടും ഓഫീസ് ജീവനക്കാരോടും പ്രദേശത്ത് നിന്ന് താത്ക്കാലികം മാറിനിൽക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

Similar Posts