World
യു.എൻ രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത യു.എസിനെതിരെ പ്രതിഷേധം ശക്തം
World

യു.എൻ രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത യു.എസിനെതിരെ പ്രതിഷേധം ശക്തം

Web Desk
|
10 Dec 2023 12:59 AM GMT

ഗസ്സയിലെ കുഞ്ഞുങ്ങളുടെ കുരുതിക്ക്​ ഇനി അമേരിക്ക മാത്രമാകും ഉത്തരവാദിയെന്ന്​ ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​.

ഗസ്സസിറ്റി: യു.എൻ രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത യു.എസിനെതിരെ പ്രതിഷേധം ശക്തം. ഗസ്സയിലെ കുഞ്ഞുങ്ങളുടെ കുരുതിക്ക്​ ഇനി അമേരിക്ക മാത്രമാകും ഉത്തരവാദിയെന്ന്​ ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​. ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും അമേരിക്കയുടെ വീറ്റോ തീരുമാനത്തെ വിമർശിച്ചു.

പതിനഞ്ചംഗ രക്ഷാസമിതിയിൽ ബ്രിട്ടൻ മാത്രം വിട്ടുനിൽക്കുകയും മറ്റെല്ലാ രാജ്യങ്ങളും വെടിനിർത്തലിനെ പിന്തുണക്കുകയുമായിരുന്നു. ഗസ്സയിലെ മാനുഷിക ദുരന്തം മറികടക്കാനുള്ള ലോക രാജ്യങ്ങളുടെ നീക്കം വീറ്റോ ചെയ്യുന്നത് എന്ത് നീതിയാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ചോദിച്ചു.

യു.എസിന് വീറ്റോചെയ്യാൻ കഴിയാത്ത തരത്തിൽ യു.എൻ രക്ഷാസമിതി പരിഷ്കരിക്കണമെന്നും ഇസ്താംബൂളിൽ നടന്ന മനുഷ്യാവകാശ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിൽ യു.എസ്​ നടപടി വ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന്​ ഇറാൻ വ്യക്തമാക്കി.

യുദ്ധം വ്യാപിക്കരുതെന്നു പറയുന്ന അമേരിക്ക തന്നെ ഇസ്രായേലിനൊപ്പം ചേർന്ന്​ അനുകൂല നിലപാട്​ സ്വീകരിക്കുന്നത്​ മേഖലയിലെ രാജ്യങ്ങൾ തിരിച്ചറിയണമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയമാണ് അമേരിക്കയുടെ വീറ്റോ അധികാരത്തിൽ തള്ളിപ്പോയത്. യു.എൻ ചാർട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്‍റെ പ്രത്യേകാധികാരം പ്രയോഗിച്ചായിരുന്നു അടിയന്തര രക്ഷാസമിതി വിളിച്ചുചേർത്തത്. അതിനിടെ, ഇസ്രായേൽ സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 17,700 കവിഞ്ഞു.

48,780 പേർക്ക്​ പരിക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. വായുവിൽനിന്നും കരയിൽ നിന്നും കടലിൽ നിന്നുമുള്ള ആക്രമണങ്ങൾ നിത്യവും വർധിക്കുകയാണ്​. ഇതുവരെ 339 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 26 ആശുപത്രികൾ, 56 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, 88 പള്ളികൾ, മൂന്ന് ചർച്ചുകൾ എന്നിവയും തകർക്കപ്പെട്ടു.

Related Tags :
Similar Posts