ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന യു.എസ് കപ്പൽ തടഞ്ഞ് പ്രതിഷേധം
|കേപ് ഒർലാൻഡോ എന്ന കപ്പലാണ് വെള്ളിയാഴ്ച രാവിലെ ഓക്ലാൻഡ് തുറമുഖത്ത് പ്രതിഷേധക്കാർ തടഞ്ഞത്.
ഓകലാൻഡ്: ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന അമേരിക്കൻ കപ്പൽ തടഞ്ഞ് പ്രതിഷേധം. കേപ് ഒർലാൻഡോ എന്ന കപ്പലാണ് വെള്ളിയാഴ്ച രാവിലെ ഓക്ലാൻഡ് തുറമുഖത്ത് ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ തടഞ്ഞത്. ഇസ്രായേലിലേക്കുള്ള ആയുധങ്ങളും സൈനിക ഉപകരണങ്ങളുമാണ് കപ്പലിലുള്ളതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
മണിക്കൂറുകളോളം കപ്പലിൽ തുങ്ങിനിന്നാണ് പ്രതിഷേധക്കാർ കപ്പലിന്റെ യാത്ര തടഞ്ഞത്. ടാങ്കുകൾ, കവചിത വാഹനങ്ങൾ, മൊബൈൽ റോക്കറ്റ് ലോഞ്ചറുകൾ, കാർഗോ ട്രക്കുകൾ തുടങ്ങിയവ കൊണ്ടുപോവാൻ അനുയോജ്യമായ കപ്പലാണ് കേപ് ഒർലാൻഡോ.
Watch these protesters try to block a U.S. military cargo ship from heading to Israel. @Dena reports. pic.twitter.com/uXQ4b4deYT
— AJ+ (@ajplus) November 4, 2023
രാവിലെ എട്ട് മണിയോടെയാണ് പ്രതിഷേധക്കാർ തുറമുഖത്തെത്തിയത്. പിന്നീട് പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ തുറമുഖത്തേക്കുള്ള പ്രവേശന കവാടം അടച്ചു. നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഗെയ്റ്റിന് പുറത്ത് തടുച്ചുകൂടി ഇസ്രായേൽ വംശഹത്യക്കെതിരെ പ്രതിഷേധമുയർത്തിയത്. ഗസ്സയിലെ ഇസ്രായേൽ വംശഹത്യ അംഗീകരിക്കാനാവില്ലെന്നും എത്രയും വേഗം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.