World
Hundreds march in Tel Aviv after Israeli armed forces killed 3 hostages by mistake, Israel attack on Gaza

ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ വെടിവയ്പ്പില്‍ അബദ്ധത്തില്‍ കൊല്ലപ്പെട്ട ബന്ദികള്‍

World

അബദ്ധത്തിൽ മൂന്ന്​ ബന്ദികളെ വെടിവെച്ചുകൊന്നെന്ന് സൈനിക വക്താവിന്‍റെ കുറ്റസമ്മതം;​ ഇസ്രായേലിൽ വന്‍ പ്രതിഷേധം

Web Desk
|
16 Dec 2023 1:07 AM GMT

രാജ്യത്തിന്‍റെ വലിയ ദുഃഖമാണിതെന്നും സംഭവിച്ച അബദ്ധത്തി​ന്‍റെ പേരിൽ സൈന്യത്തെ കുറ്റപ്പെടുത്തരുതെന്നും നെതന്യാഹു ആവശ്യപ്പെട്ടു

ഗസ്സ സിറ്റി/ദുബൈ: ഗസ്സയിൽ മൂന്ന്​ ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നെന്ന സൈനിക വക്താവിന്‍റെ പ്രഖ്യാപനത്തെ തുടർന്ന്​ ഇസ്രായേലിൽ വ്യാപക പ്രതിഷേധം. ബന്ദികളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരങ്ങൾ പ്രതിരോധ മന്ത്രാലയത്തിലേക്ക്​ മാർച്ച്​ നടത്തി. ഇസ്രായേൽ ആക്രമണത്തിൽ അൽ ജസീറ കാമറമാൻ സാമിർ അബൂദഖ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

അതേസമയം, ഗസ്സയുടെ ഭരണം കൂടി ഏറ്റെടുക്കാൻ ഫലസ്​തീൻ അതോറിറ്റി തയാറാകണമെന്ന്​ മഹ്​മൂദ്​ അബ്ബാസുമായുള്ള കൂടിക്കാഴ്​ചയിൽ യു.എസ്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ജെയ്​ക്​ സള്ളിവൻ ആവശ്യപ്പെട്ടു. ഇസ്രായേലിനെതിരെ പോരാട്ടം ശക്തമാണെന്ന്​ അൽഖസ്സാം ബ്രിഗേഡും വ്യക്തമാക്കി.

ഗസ്സയിൽ ഹമാസ്​ പോരാളികളാണെന്ന്​ തെറ്റിദ്ധരിച്ചാണ്​ മൂന്ന്​ ബന്ദികളെ വെടിവച്ചുകൊന്നതെന്ന്​ ഇസ്രായേൽ സൈനിക വക്താവ് ഇന്നലെ രാത്രിയാണ്​ വെളിപ്പെടുത്തിയത്​. തുടർന്ന്​ ബന്ദികളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും രോഷാകുലരായി പ്രതിരോധ മന്ത്രാലയത്തിന്​ മുന്നിൽ പ്രതിഷേധിച്ചു. രാജ്യത്തിന്‍റെ വലിയ ദുഃഖമാണിതെന്നും സംഭവിച്ച അബദ്ധത്തി​ന്‍റെ പേരിൽ സൈന്യത്തെ കുറ്റപ്പെടുത്തരുതെന്നും നെതന്യാഹു ആവശ്യപ്പെട്ടു. പ്രതിഷേധം തണുപ്പിക്കുന്നതിനായി ബാക്കിയുള്ള ബന്ദിക​ളെ നയതന്ത്ര നീക്കത്തിലൂടെ മാത്രമായിരിക്കും ഇനി മോചിപ്പിക്കുകയെന്ന്​ സൈന്യം ബന്ധുക്കൾക്ക്​ ഉറപ്പുനൽകി. ബന്ദികളുടെ കൈമാറ്റത്തിന്​ ചർച്ചക്കൊരുക്കമാണെന്ന്​ ഖത്തർ ഉൾപ്പെടെ മധ്യസ്​ഥരാജ്യങ്ങളെ ഇ​സ്രായേൽ അറിയിച്ചതായും റിപ്പോർട്ടുണ്ട്​.

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ അൽ ജസീറ കമാറമാൻ സാമിർ അബൂദഖയുടെ മരണം ഇസ്രായേലിന്​ മറ്റൊരു പ്രഹരമായി. അമേരിക്ക ഉൾപ്പെടെ ലോകരാജ്യങ്ങൾ കൊലയെ നിശിതമായി അപലപിച്ചു. അൽ ജസീറ റിപ്പോർട്ടർ വാഇൽ അൽ ദഹ്ദൂഹിനും ആക്രമണത്തിൽ പരിക്കേറ്റു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഹൈഫസ്കൂളിന് സമീപത്തായിരുന്നു ആക്രമണം. പരിക്കേറ്റ സാമിർ അബൂദഖ ചോരവാർന്നാണ്​ മരിച്ചത്​. അഞ്ച്​ മണിക്കൂറിലേറെ നേരം സംഭവസ്​ഥലത്തേക്ക്​ ആംബുലൻസ്​ കടത്തിവിടാൻ ഇസ്രായേൽ സേന അനുവദിച്ചില്ല.

കൊലയുടെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന്​ അൽജസീറ കുറ്റപ്പെടുത്തി. റിപ്പോർട്ടർ അൽദഹ്ദൂഹിന്റെ കൈക്കും ഇടുപ്പിനുമാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ അടുത്തിടെയാണ്​ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. ഗസ്സയിൽ വീണ്ടും വാർത്താവിനിമയ ബന്ധം വിഛേദിച്ച ഇസ്രായേൽ നൂറുകണക്കിനാളുകളെ​ ഇന്നലെയും കൊന്നൊടുക്കി.

യുദ്ധം 70 നാളുകൾ പിന്നിടുമ്പോള്‍ ചെറുത്തുനിൽപ്പ്​ ഏറ്റവും ശക്​തമായി തുടരുന്നതായി അൽഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ അറിയിച്ചു. പിന്നിട്ട അഞ്ചു നാളുകളിൽ നൂറിലേറെ സൈനിക വാഹനങ്ങൾ തകർക്കുകയും നിരവധി സൈനികരെ വകവരുത്തുകയും ചെയ്​തു. കൊല്ലപ്പെട്ട സൈനികരുടെ യഥാർത്ഥ എണ്ണം ഇസ്രായേൽ മറച്ചുപിടിക്കുകയാണെന്നും അൽഖസ്സാം ബ്രിഗേഡ് ചൂണ്ടിക്കാട്ടി​.

ലബനാൻ അതിർത്തിയിൽ യുദ്ധത്തിനുള്ള മുന്നൊരുക്കം ഇസ്രായേൽ ഊർജിതമാക്കി. എന്നാൽ, ലബനാനെതിരായ യുദ്ധത്തിൽനിന്ന്​ പിൻവാങ്ങണമെന്ന്​ അമേരിക്ക ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു. ലബനീസ്​ സൈനികർക്കെതിരായ നടപടിയെയും പെൻറഗൺ വിമർശിച്ചു. അതേസമയം ഹമാസിനെ തുരത്താനുള്ള യുദ്ധത്തിന്​ ബൈഡൻ ഭരണകൂടം പിന്തുണ ആവർത്തിച്ചു. റാമല്ലയിൽ ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസുമായി ചർച്ച നടത്തിയ ജെയ്​ക്​ സള്ളിവൻ വെസ്​റ്റ്​ ബാങ്കിലെ ഇസ്രായേൽ കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ അവസാനിപ്പിക്കുമെന്ന്​ ഉറപ്പുനൽകി. ഗസ്സയുടെ നിയന്ത്രണം കൂടി ഏറ്റെടുക്കാൻ ഫലസ്​തീൻ അതോറിറ്റി സജ്​ജമാകണമെന്ന്​ നിർദേശിച്ചതായി വൈറ്റ്​ ഹൗസ്​ അറിയിച്ചു.

Summary: Hundreds march in Tel Aviv after Israeli armed forces killed 3 hostages by mistake

Similar Posts