വീട്ടിലിരിക്കണം മിസ്റ്റർ; ശ്രീലങ്കയിൽ അടിവസ്ത്രം ബാരിക്കേഡിൽ തൂക്കി പ്രതിഷേധം
|പ്രസിഡന്റ് ഗോതബായ രാജപക്സെയും സർക്കാരും രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് പൊതു സ്വകാര്യ-മേഖലയിലെ തൊഴിലാളികളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. നൂറുകണക്കിന് കോളേജ് വിദ്യാർഥികളും മറ്റു പ്രതിഷേധക്കാരും പാർലമെന്റിലേക്കുള്ള പ്രധാന റോഡിന് പുറത്ത് ക്യാമ്പ് ചെയ്യുകയും കുത്തിയിരുപ്പ് സമരം ആരംഭിക്കുകയും ചെയ്തു. രാഷ്ട്രീയ നേതൃത്വത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ചിലർ അടിവസ്ത്രം ബാരിക്കേഡുകളിൽ തൂക്കി പ്രതിഷേധിച്ചു. വീട്ടിലേക്ക് പോയിരിക്കണം എന്ന് തുടങ്ങുന്ന സന്ദേശങ്ങളും അടിവസ്ത്രത്തിൽ കുറിച്ചിട്ടുണ്ട്.
''രാഷ്ട്രീയക്കാർ ഞങ്ങളോട് കള്ളം പറയുകയാണ്, ഇവിടെയിരുന്ന് പ്രതിഷേധിക്കാനാണ് ഞങ്ങളുടെ തീരുമാനം, പ്രസിഡന്റും ഈ സർക്കാരും വീട്ടിലേക്ക് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,'' പരസ്യ പ്രൊഫഷണലായ പൂർണിമ മുഹന്ദിറാം പറഞ്ഞു. രാഷ്ട്രപതിക്കും സർക്കാരിനുമെതിരെ അടുത്തയാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ വെള്ളിയാഴ്ച പാർലമെന്റിൽ വ്യക്തമാക്കി.
എന്നാൽ ഐക്യ സർക്കാരോ ഇടക്കാല സർക്കാരോ രൂപീകരിക്കാൻ ഭരണപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും പിന്തുണ നൽകാൻ വിസമ്മതിച്ചത് പ്രതിപക്ഷമാണെന്ന് ചീഫ് വിപ്പും പൊതുസുരക്ഷാ മന്ത്രിയുമായ പ്രസന്ന രണതുംഗെ കുറ്റപ്പെടുത്തി. അതേസമയം, പ്രസിഡന്റ് ഗോതബായ രാജപക്സെയും സർക്കാരും രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് പൊതു സ്വകാര്യ-മേഖലയിലെ തൊഴിലാളികളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും അടച്ചുപൂട്ടിയാണ് തൊഴിലാളികൾ പ്രതിഷേധിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് പ്രതിഷേധക്കാരുടെ വാദം. രാജ്യത്ത് ഇന്ധന ക്ഷാമവും കോവിഡ് തീർത്ത പ്രതിസന്ധിയും അതിരൂക്ഷമായി തന്നെ തുടരുകയാണ്. വിദേശ കരുതൽ ശേഖരമാകട്ടെ 50 മില്യൺ ഡോളർ മാത്രമേ അവേശിഷിക്കുന്നുള്ളൂയെന്ന് ധനമന്ത്രി അലി സബ്രി വ്യക്തമാക്കി. ഇറക്കുമതി ചെയ്ത ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും മരുന്നിന്റെയും ക്ഷാമം സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അക്രമാസക്തമാവുന്നതിലേക്ക് നയിച്ചു.
രാജ്യത്തെ സ്വകാര്യ ബസ് തൊഴിലാളികൾ, ട്രെയിൻ ഓപ്പറേറ്റർമാർ തുടങ്ങിയവർ പണിമുടക്കിയതോടെ യാത്രാക്കാർ വലഞ്ഞു. ട്രെയിൻ സർവീസ് പണിമുടക്കിയെങ്കിലും പൊതു ഉടമസ്ഥതതയിലുള്ള കുറച്ചു ബസ്സുകൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരും പണിമുടക്കിൽ പങ്കെടുത്തത് രാജ്യത്തെ സ്ഥിതി ഗതികൾ വഷളാക്കി. അതേസമയം ശ്രീലങ്കൻ പ്രതിസന്ധി രണ്ട് വർഷമെങ്കിലും നീണ്ടുനിൽക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.