World
Protestors also burnt the Israeli flag

ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പാകിസ്താനില്‍ നടന്ന റാലി

World

ഫലസ്തീന് പിന്തുണയുമായി പാക് ജനത തെരുവില്‍; ഇസ്രായേല്‍ പതാക കത്തിച്ചു

Web Desk
|
14 Oct 2023 4:29 AM GMT

വിവിധ മത സംഘടനകളുടെ പ്രതിഷേധ ആഹ്വാനത്തെ തുടർന്ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ജനങ്ങൾ റോഡിലിറങ്ങി

ഇസ്‍ലാമാബാദ്: ഫലസ്തീനികളെ പിന്തുണച്ചും ഇസ്രായേൽ സേനയുടെ ഗസ്സ ഉപരോധത്തെ അപലപിച്ചും പാകിസ്താനിലുടനീളം നൂറുകണക്കിനാളുകൾ വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷം പ്രകടനങ്ങൾ നടത്തി.വിവിധ മത സംഘടനകളുടെ പ്രതിഷേധ ആഹ്വാനത്തെ തുടർന്ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ജനങ്ങൾ റോഡിലിറങ്ങി.

ഫലസ്തീന്‍ പതാകയേന്തി ‘കരയിൽ നിന്ന് കടലിലേക്ക്, ഫലസ്തീന്‍ സ്വതന്ത്രമാകും’, ‘ഫലസ്തീനോട് ഐക്യദാർഢ്യം' തുടങ്ങി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രകടനം. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ ഇസ്രായേല്‍ പതാക കത്തിച്ചു.

ലാഹോറിലെ മാൾ റോഡിൽ ജമാഅത്തെ ഇസ്‍ലാമി പാകിസ്താന്‍ നടത്തിയ ഒരു വലിയ റാലിയിൽ നിരവധി സ്ത്രീകളും കുട്ടികളും പങ്കെടുത്തതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. ഫലസ്തീന്‍റെ കൂറ്റൻ പതാകയാണ് പ്രതിഷേധക്കാർ വഹിച്ചത്.ഫലസ്തീനികളെ അടിച്ചമർത്തുന്നതിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന യുഎസിനെയും യൂറോപ്യൻ രാജ്യങ്ങളെയും ജമാഅത്തെ ഇസ്‍ലാമി അമീർ സിറാജുൽ ഹഖ് വിമര്‍ശിച്ചു. ഫലസ്തീനികൾക്കുവേണ്ടി ശബ്ദമുയർത്തുക എന്നത് മുസ്‍ലിംങ്ങളുടെ ഉത്തരവാദിത്തവും അവരുടെ വിശ്വാസത്തിന്‍റെ ഭാഗവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലാഹോറിൽ തെരുവിലിറങ്ങിയ തങ്ങളുടെ പാർട്ടി അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതായി പിടിഐ ആരോപിച്ചു.

ഫലസ്തീൻകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷം കറാച്ചിയിലും നിരവധി പ്രതിഷേധങ്ങൾ നടന്നു. മജ്‌ലിസ് വഹ്‌ദത്ത്-ഇ-മുസ്‍ലിമിന്‍റെ (എംഡബ്ല്യുഎം) ഷിയാ പാർട്ടിയുടെ 200-ലധികം അനുഭാവികൾ ഖരദർ പ്രദേശത്ത് ഒത്തുകൂടി.ഗസ്സയിലെ ജനങ്ങൾ ഇസ്രായേലിന്‍റെ കൈകളിൽ നേരിടുന്ന അതിക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.ഫലസ്തീനികൾക്കുവേണ്ടി നിലകൊള്ളുന്നതിൽ മുസ്‍ലിം രാഷ്ട്രങ്ങളുടെ നേതാക്കൾ പരാജയപ്പെടുകയാണെന്ന് പ്രതിഷേധക്കാരനായ ഷാഹിദ് ഹുസൈൻ പറഞ്ഞു.

Similar Posts