World
കിടപ്പുമുറിയിലും അടുക്കളയിലും പ്രതിഷേധക്കാര്‍, തിന്നും കുടിച്ചും ഉല്ലാസം; ലങ്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ നിന്നുള്ള കാഴ്ചകള്‍
World

കിടപ്പുമുറിയിലും അടുക്കളയിലും പ്രതിഷേധക്കാര്‍, തിന്നും കുടിച്ചും ഉല്ലാസം; ലങ്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ നിന്നുള്ള കാഴ്ചകള്‍

Web Desk
|
9 July 2022 12:44 PM GMT

ശ്രീലങ്കന്‍ പതാകകള്‍ കയ്യിലേന്തി പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിനാളുകളാണ് ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചുകയറിയത്

കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി പ്രതിഷേധക്കാര്‍ കയ്യേറിയ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് രാജ്യതലസ്ഥാനത്തെ വസതിയില്‍ കയറിക്കൂടിയത്. പ്രസിഡന്‍റിന്‍റെ സ്വിമ്മിംഗ് പൂളില്‍ പ്രതിഷേധക്കാര്‍ നീരാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ അടുക്കളയിലും കിടപ്പുമുറിയിലും കടന്നുകൂടിയതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ശ്രീലങ്കന്‍ പതാകകള്‍ കയ്യിലേന്തി പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിനാളുകളാണ് ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചുകയറിയത്. രോഷാകുലരായ പ്രതിഷേധക്കാർ പ്രസിഡന്‍റ് ഗോതബയ രജപക്സെയുടെ വീടിനുള്ളിൽ മുദ്രാവാക്യം വിളിക്കുകയും മദ്യപിക്കുകയും ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അടുക്കളയില്‍ കയറി ഭക്ഷണം എടുത്തു കഴിക്കുന്നതും കുടിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ചിലര്‍ ഭക്ഷണം പാചകം ചെയ്യുന്നുമുണ്ട്. മറ്റു ചിലരാകട്ടെ തീന്‍മേശയിലിരുന്നു വട്ടം കൂടി ഭക്ഷണം പങ്കിട്ട് കഴിക്കുന്നുമുണ്ട്. കൂടാതെ പ്രതിഷേധക്കാര്‍ കിടപ്പുമുറിയും കയ്യടക്കിയിട്ടുണ്ട്.

അതേസമയം തലസ്ഥാനമായ കൊളംബോയിലേക്ക് കൂടുതല്‍ പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്‍റ് രാജ്യം വിട്ടിട്ടുണ്ട്. അദ്ദേഹം സുരക്ഷിത കേന്ദ്രത്തിൽ ഒളിവിലാണെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന വിവരം. റെനിൽ വിക്രമസിംഗെ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. സ്പീക്കർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ പ്രസിഡന്‍റ് രാജി വയ്ക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു.

Similar Posts