World
കിഴക്കൻ ജറൂസലമിൽ പ്രതിഷേധം പുകയുന്നു; അന്താരാഷ്ട്ര ഇടപെടൽ തേടി അറബ് ലീഗ്
World

കിഴക്കൻ ജറൂസലമിൽ പ്രതിഷേധം പുകയുന്നു; അന്താരാഷ്ട്ര ഇടപെടൽ തേടി അറബ് ലീഗ്

Web Desk
|
16 April 2022 1:47 AM GMT

സ്റ്റാറ്റസ്‌കോ നിലനിർത്തണമെന്ന് യൂറോപ്യൻ യൂനിയൻ

ജറൂസലേം: കിഴക്കൻ ജറൂസലേമിലെ അൽ അഖ്‌സ പള്ളിയിൽ ഇന്നലെ ഇസ്രായേൽ സേന നടത്തിയ അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തം. ഫലസ്തീൻ ജനതയുടെ അവകാശങ്ങളും അൽ അഖ്‌സ പള്ളിയുടെ പവിത്രതയും സംരക്ഷിക്കാൻ അന്തർദേശീയ ഇടപെടൽ ആവശ്യമാണെന്ന് സൗദി അറേബ്യ ഉൾപ്പെടെ അറബ് ലീഗ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.

പ്രഭാത പ്രാർഥനക്കിടെ ഇരച്ചെത്തിയ ഇസ്രായേൽ സേന നടത്തിയ അതിക്രമത്തിൽ 150 ഓളം പേർക്കാണ് ഇന്നലെ പരിക്കേറ്റത്. പള്ളിയിൽകയറിയ സേന ഗ്രനേഡുകളും ടിയർഗ്യാസും പ്രയോഗിച്ചു. പള്ളിക്കു മേൽ അധിനിവേശം നടത്താനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്ന് ഫലസ്തീൻ അതോറിറ്റി കുറ്റപ്പെടുത്തി.

ഫലസ്തീൻ സമൂഹത്തോടും മുസ്‌ലിം സമൂഹത്തോടുമുളള തുറന്ന യുദ്ധ പ്രഖ്യാപനമാണിതെന്ന് ഹമാസ് നേതൃത്വം ആരോപിച്ചു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും നിലനിൽക്കുന്ന സ്‌ഫോടനാത്മക സാഹചര്യം കൂടുതൽ വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് മധ്യസ്ഥ രാജ്യമായ ഈജിപ്തിനെ അറിയിച്ചതായി ഫലസ്തീൻ നേതാക്കൾ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ 5 ഫലസ്തീൻകാർക്കും ഇന്നലെ ജീവൻ നഷ്ടമായി. കിഴക്കൻ ജറൂസലമിൽ അധിനിവിഷ്ട ശക്തി നടത്തുന്ന അതിക്രമം തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഹമാസും ഇസ്‌ലാമിക് ജിഹാദും മുന്നറിയിപ്പ് നൽകി.

പെസഹ പെരുന്നാളും റമദാനും ഒത്തുവന്ന സമയത്തുള്ള ഇസ്രായേൽ സേനയുടെ അക്രമത്തിനെതിരെ ചൈന ഉൾപ്പെടെയുള്ള വൻശക്തി രാജ്യങ്ങളും രംഗത്തുവന്നു. ഫ്രാൻസ്, ജർമനി, ഇറ്റലി, സ്‌പെയിൻ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ഇരു വിഭാഗവും സംയമനം പാലിക്കണമെന്നും സമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.

Similar Posts