'ഞങ്ങൾ മികച്ച നേതാക്കളെ അർഹിക്കുന്നു'; പ്രതിരോധമന്ത്രി യോവ് ഗാലന്‍റിനെ പുറത്താക്കിയതില്‍ ഇസ്രായേലില്‍ പ്രതിഷേധം
|ഗസ്സയില്‍ തടവിലാക്കപ്പെട്ട ബന്ധികളുടെ മോചനത്തിന് മുന്‍ഗണന നല്‍കണമെന്ന് പുതിയ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സിനോട് ആവശ്യപ്പെട്ടു
ജറുസലെം: പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനെ പുറത്താക്കിയതിനെ തുടര്‍ന്ന് ഇസ്രായേലില്‍ പ്രതിഷേധം വ്യാപകം. ഗവണ്‍മെന്‍റിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ മുദ്രാവാക്യം വിളിച്ച പ്രകടനക്കാർ, “ഞങ്ങൾ മികച്ച നേതാക്കളെ അർഹിക്കുന്നു”, “ആരെയും ഉപേക്ഷിക്കരുത്” തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ ബോർഡുകൾ ഉയർത്തി. ഗസ്സയില്‍ തടവിലാക്കപ്പെട്ട ബന്ധികളുടെ മോചനത്തിന് മുന്‍ഗണന നല്‍കണമെന്ന് പുതിയ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സിനോട് ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരിലൊരാള്‍ നെതന്യാഹുവിന്‍റെ മുഖംമൂടി ധരിച്ച് കൈവിലങ്ങുകളുമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ബന്ദികളെ സൂചിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച പ്രതിഷേധക്കാര്‍ അവരെ എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. 'നിങ്ങള്‍ രാജ്യദ്രോഹിയാണ്, നിങ്ങളാണ് കുറ്റവാളി' ഒക്ടോബര്‍ 7ലെ ആക്രമണം തടയുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യോവ് ഗാലന്‍റ് ഇസ്രായേല്‍ മന്ത്രിസഭയിലെ സാധാരണക്കാരനായ ഒരു വ്യക്തിയായിരുന്നുവെന്ന് അധ്യാപകനായ സാമുവല്‍ മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. “നമ്മുടെ സമാധാനം, ഫലസ്തീനികളുടെ സമാധാനം, ഈ മേഖലയിലെ എല്ലാവരുടെയും സമാധാനം എന്നിവ സംരക്ഷിക്കാൻ നെതന്യാഹു ഒന്നും ചെയ്യുന്നില്ല,” മില്ലർ എഎഫ്‌പിയോട് വ്യക്തമാക്കി. ഗസ്സയിൽ ഇപ്പോഴും ബന്ദികളെ മോചിപ്പിക്കാൻ നെതന്യാഹുവിൻ്റെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ബന്ദികളെ മോചിപ്പിക്കുന്നതിനായി പ്രചാരണം നടത്തുന്ന ഒരു ഇസ്രായേലി ഗ്രൂപ്പും ഗാലന്‍റിനെ പുറത്താക്കിയതില്‍ പിരിച്ചുവിട്ടതിൽ ആശങ്ക പ്രകടിപ്പിക്കുകയും തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാറിന് മുൻഗണന നൽകുന്നതിന് കാറ്റ്സിനോട് ആവശ്യപ്പെടുകയും ചെയ്തു. തെരുവ് കീഴടക്കിയ പ്രതിഷേധക്കാര്‍ നെതന്യാഹു രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. ചില പ്രതിഷേധക്കാർ അയലോൺ ഹൈവേയിൽ തീയിടുകയും ഇരു ദിശകളിലുമുള്ള ഗതാഗതം തടയുകയും ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ ആളുകളുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഗാലൻ്റിനെ പുറത്താക്കിയ നടപടിയെ അപലപിച്ചു.
ഗാലന്‍റിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് പ്രതിരോധ മന്ത്രിയെ പുറത്താക്കിക്കൊണ്ട് നെതന്യാഹു പറഞ്ഞത്. യുദ്ധത്തിന്‍റെ പല ഘട്ടങ്ങളിലും യോവ് ഗാലന്‍റുമായി നെതന്യാഹുവിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. 2023 ഒക്ടോബറിൽ ഗസ്സയിൽ യുദ്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് നെതന്യാഹു ഗാലൻ്റിനെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു. ഗസ്സയിൽ സൈനിക നടപടികൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും നയതന്ത്ര നടപടി കൂടി സ്വീകരിച്ചാലേ ബന്ധികളെ മോചിപ്പിക്കാനാവുകയുള്ളു, ഇതിന് വിലങ്ങുതടിയാവുന്ന നടപടിയിൽ നിന്ന് നെതന്യാഹു പിന്മാറണമെന്നും ഗാലന്‍റ് പറഞ്ഞിരുന്നു.
ഇത് കൂടാതെ ബന്ദികളുടെ ബന്ധുക്കളുമായും യോവ് ഗാലന്‍റ് നിരന്തരമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ആക്രമണമവസാനിപ്പിച്ചുകൊണ്ടുള്ള ഒത്തുത്തീർപ്പ് വേണ്ടെന്ന നിലപാടായിരുന്നു നെതന്യാഹുവിന്‍റേത്. ഇതാണ് യോവ് ഗാലന്‍റിനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. പകരം നെതന്യാഹുവിന്‍റെ വിശ്വസ്തനും വിദേശകാര്യമന്ത്രിയുമായ ഇസ്രായേൽ കാറ്റ്‌സിനാണ് ചുമതല. വകുപ്പില്ലാത്ത മന്ത്രിയായിരുന്ന ഗിദിയോൻ സാർ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റെടുക്കും.
ബന്ദികളെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന തൻ്റെ വിശ്വാസം ഉൾപ്പെടെ മൂന്ന് വിഷയങ്ങളിലെ അഭിപ്രായവ്യത്യാസമാണ് അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്ന് ഗാലന്‍റ് വിശദമാക്കി. ''ഇസ്രായേലിന്‍റെ സുരക്ഷയാണ് അന്നും ഇന്നും തന്‍റെ ജീവിത ലക്ഷ്യമെന്ന്'' ഗാലന്‍റ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. യോവ് ഗാലന്‍റിനെ പുറത്താക്കിയ നടപടി 48 മണിക്കൂറിനുള്ളില്‍ പ്രാബല്യത്തില്‍ വരും. പുതിയ മന്ത്രിമാരുടെ നിയമനത്തിന് സർക്കാരിൻ്റെയും തുടർന്ന് ഇസ്രായേല്‍ പാര്‍ലമെന്‍റായ നെസറ്റിൻ്റെയും അനുമതി വേണം. "ഇസ്രായേലിൻ്റെ പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഗാലൻ്റ് ഒരു പ്രധാന പങ്കാളിയാണ്. അടുത്ത പങ്കാളികൾ എന്ന നിലയിൽ, ഞങ്ങൾ ഇസ്രായേലിൻ്റെ അടുത്ത പ്രതിരോധ മന്ത്രിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരും."വൈറ്റ് ഹൗസിൻ്റെ ദേശീയ സുരക്ഷാ കൗൺസിൽ പ്രതിനിധി വ്യക്തമാക്കി.