'ഷി ജിന്‍പിങിനെ താഴെയിറക്കൂ': ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രക്ഷോഭം പടരുന്നു
|ഉറുംചിയിൽ 10 പേർ കൊല്ലപ്പെട്ട തീപിടിത്തത്തിന് പിന്നാലെയാണ് പ്രക്ഷോഭം ശക്തമായത്
ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രക്ഷോഭം പടരുന്നതായി റിപ്പോർട്ട്. ഉറുംചിയിൽ 10 പേർ കൊല്ലപ്പെട്ട തീപിടിത്തത്തിന് പിന്നാലെയാണ് പ്രക്ഷോഭം ശക്തമായത്. ഷി ജിൻപിങ് രാജിവെക്കണമെന്നും കമ്യൂണിസ്റ്റ് പാർട്ടി അധികാരമൊഴിയണമെന്നും മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം.
സീറോ കോവിഡ് നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ അതിശക്തമായ നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധമാണ് ചൈനയിൽ ശക്തമാവുന്നത്. പ്രതിഷേധം ഷാങ്ഹായി അടക്കമുള്ള നഗരങ്ങളിലേക്ക് പടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാധ്യമ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങളിൽ ആയിരക്കണക്കിനാളുകൾ പ്രതിഷേധത്തിൽ അണിനിരന്നതായി കാണാം. പ്രസിഡന്റ് ഷി ജിൻ പിങ് രാജവയ്ക്കണമെന്ന ആവശ്യവും ആളുകൾ ഉയർത്തിയതായി റിപ്പോർട്ടുകളുണ്ട്. ജനങ്ങളെ സേവിക്കൂ, ഞങ്ങൾക്ക് ആരോഗ്യ നിയന്ത്രണങ്ങള്‍ ആവശ്യമില്ല, ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും ഉയര്‍ന്നു.
കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ ഷിംജിയാംഗ് മേഖലയിലെ ഉറുംചിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒത്തുചേർന്നവരും പ്രതിഷേധമുയർത്തി. ഷാങ്ഹായിലെ ഒത്തുചേരലിൽ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായ മുദ്രാവാക്യവുമുയർന്നതായി റിപ്പോർട്ടുണ്ട്. തങ്ങളെ പൊലീസ് മർദിച്ചതായി പ്രതിഷേധക്കാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം 40,000 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്.