കടുത്ത സാമ്പത്തിക പ്രതിസന്ധി; യുകെയിൽ പബ്ബുകൾ അടച്ചു പൂട്ടുന്നു
|'അവസാനത്തെ പാനീയം' എന്ന പേരിലാണ് ഒരോ പബ്ബുകളിലേയും ഇപ്പോഴത്തെ വിൽപന
വെയിൽസ്: കോവിഡ് മാഹാമാരിക്ക് ശേഷം രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് യുകെയിലേയും വെയിൽസിലേയും പബ്ബുകൾ അടച്ചുപൂട്ടുന്നു. പത്ത് വർഷം മുൻപുള്ളതിനേക്കാളും 7000ത്തിലധികം പബ്ബുകളാണ് രാജ്യത്ത് അടച്ചു പൂട്ടിയത്.
അടച്ചു പൂട്ടുന്നതിനു മുൻപായി 'അവസാനത്തെ പാനീയം' എന്ന പേരിലാണ് ഒരോ പബ്ബുകളിലേയും ഇപ്പോഴത്തെ വിൽപന. നൂറ്റാണ്ടുകളായി ബ്രിട്ടീഷ് കമ്മ്യൂണിറ്റികളുടെ കേന്ദ്രമായിരുന്ന പബ്ബുകൾ ഒന്നുകിൽ തകർക്കപ്പെടുകയോ വീടുകളും ഓഫീസുകളുമാക്കി മാറ്റുകയോ ചെയ്തു. കോവിഡ് കാലത്തെ ലോക്ഡൗണും തുടർന്നുള്ള നിയന്ത്രണങ്ങളും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചു എന്ന് മാത്രമല്ല പല പബ്ബുകളും തിരിച്ചു കൊണ്ടുവരാൻ ഉടമകൾ മടിക്കുകയും ചെയ്തു.
ഈ ബിസിനസ് രംഗത്ത് രാജ്യത്ത് 37 ശതമാനം മാത്രമാണ് ലാഭത്തിലുള്ളത് എന്നാണ് ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷൻ (ബിബിപിഎ), ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻകീപ്പിംഗ് ആൻഡ് യുകെ ഹോസ്പിറ്റാലിറ്റി തുടങ്ങിയവർ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
പ്രതിസന്ധി മറികടക്കാൻ പല സ്ഥാപനങ്ങളും സർക്കാറിനോട് കൂടുതൽ സാമ്പത്തിക സഹായംആവശ്യപ്പെട്ടിരിക്കുകയാണ്. കോവിഡിനു പുറമെ പണപ്പെരുപ്പം, വില വർധന, നികുതി വർധന, അധിക ചെലവ് തുടങ്ങിയവയും ഈ ബിസിനസ്സ് മേഖലയെ സാരമായി ബാധിച്ചതായി വെയിൽസിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ആൾട്ടസ് ഗ്രൂപ്പ് പ്രസിഡന്റ് റോബർട്ട് ഹെയ്റ്റൺ പറഞ്ഞു.
പബ്ബുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാകുന്നത് സമൂഹത്തിന് വലിയ നഷ്ടമാണെന്നും ഭാവിയിലെ പബ്ബുകൾ ഇല്ലാതാവുമെന്ന് സൂചനയാണിതെന്നും ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ മക്ലാർക്കിൻ പറഞ്ഞു. സംഭവത്തിൽ സർക്കാർ കൃത്യമായ ഇടപെടൽ നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.