പഞ്ചാബ് മുഖ്യമന്ത്രി കള്ളം പറയുകയും വ്യാജ വാഗ്ദാനം നൽകുകയും ചെയ്യുന്നു: പി.സി.സി പ്രസിഡൻറ് സിദ്ദു
|ചന്നിയും സിദ്ദുവും തമ്മിൽ നല്ല ബന്ധമാണുള്ളതെന്ന് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദു പറഞ്ഞിരുന്നു. എന്നാൽ പുതിയ പ്രസ്താവന ഇവർ തമ്മിലുള്ള ബന്ധം വഷളായെന്നാണ് വ്യക്തമാക്കുന്നത്
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ചന്നി കള്ളം പറയുകയും വ്യാജ വാഗ്ദാനം നൽകുകയും ചെയ്യുന്നുവെന്ന് പഞ്ചാബ് പി.സി.സി പ്രസിഡൻറ് നവജ്യോത് സിങ് സിദ്ദു. ചണ്ഡിഗഢിലെ അറോറ ഹിന്ദു കമ്യൂണിറ്റി അംഗങ്ങളോട് സംസാരിക്കവേയാണ് സിദ്ദു വിമർശനം ഉന്നയിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടു മാസങ്ങളിൽ ചന്ദ്രനും നക്ഷത്രങ്ങളും വരെ വാഗ്ദാനം ചെയ്യുകയാണെന്ന് സിദ്ദു പരിഹസിച്ചു. വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട വമ്പൻ പ്രഖ്യാപനം ചന്നി നടത്തിയ ഉടനാണ് സിദ്ദു വിമർശനം ഉന്നയിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്ക് യൂനിറ്റിന് മൂന്നു രൂപയാണ് തിങ്കളാഴ്ച ഇളവുചെയ്തു നൽകിയത്.
സിദ്ദുവിന്റെ ഗ്രൂപ്പുകാരനായി അറിയപ്പെട്ട ചന്നി, അമരീന്ദർ സിങ് മാറിയതിനെ തുടർന്നാണ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. നേരത്തെ ചന്നിയും സിദ്ദുവും തമ്മിൽ നല്ല ബന്ധമാണുള്ളതെന്ന് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദു പറഞ്ഞിരുന്നു. എന്നാൽ പുതിയ പ്രസ്താവന ഇവർ തമ്മിലുള്ള ബന്ധം വഷളായെന്നാണ് വ്യക്തമാക്കുന്നത്. തങ്ങളുടെ സ്വന്തം സർക്കാറിനെ തുറന്നുകാട്ടിയതിന് സിദ്ദുവിന് നന്ദി പറയുന്നുവെന്ന് ശിരോമണി അകാലി ദൾ വക്താവ് ഡോ. ദൽജിത് ചീമ പറഞ്ഞു. ഇപ്പോൾ പറയുന്ന വാഗ്ദാനങ്ങൾ 2017 ൽ ചെയ്യേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.