'വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പുടിന് വ്യക്തതയില്ല': ജോ ബൈഡൻ
|സാധാരണ ജനങ്ങളെ ബോംബെറിഞ്ഞു കൊല്ലുന്നത് നിർത്തി രണ്ടാം ഘട്ട സമാധാന ചർച്ചയ്ക്ക് റഷ്യ തയ്യാറാകണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു
വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് വ്യക്തതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശം. മുന്നറിയിപ്പുകളെയൊന്നും വകവയ്ക്കാതെ റഷ്യ യുക്രൈനിൽ കനത്ത ആക്രമണം തുടരുകയാണ്.
റഷ്യൻ ആക്രമണത്തെ തുടർന്ന് നിരവധിയാളുകളാണ് യുക്രൈനിൽ നിന്നും പലായനം ചെയ്തത്. റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കിയവ് ആക്രമിച്ചു കീഴടക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന വാർത്തയും പുറത്തുവരുന്നു. 2014-ൽ റഷ്യ പിടിച്ചെടുത്ത ഉപദ്വീപായ ക്രിമിയയുടെ വടക്ക് ഭാഗത്തുള്ള കെർസണിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.'യുദ്ധഭൂമിയിൽ റഷ്യയ്ക്കു നേട്ടമുണ്ടാക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ പുടിന് വലിയ വില നൽകേണ്ടിവരും,' ബൈഡൻ തന്റെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ പറഞ്ഞു. എന്താണ് വരാൻ പോകുന്നതെന്ന് അയാൾക്ക് അറിയില്ലെന്നും അദ്ദേഹം വിശദമാക്കി.
ബൈഡന്റെ പ്രസംഗത്തെ നിറഞ്ഞ കയ്യടികളോടെയാണ് സഭാംഗങ്ങൾ ഏറ്റെടുത്തത്. അവരിൽ പലരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യുക്രേനിയൻ പതാക വീശി. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ദൗർലഭ്യം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കാരണം കിയവ് ആക്രമിച്ചു കീഴടക്കുകയെന്ന റഷ്യൻ സേനയുടെ ലക്ഷ്യം സ്തംഭനാവസ്ഥയിലാണെന്ന് മുതിർന്ന യു.എസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം സാധാരണ ജനങ്ങളെ ബോംബെറിഞ്ഞു കൊല്ലുന്നത് നിർത്തി രണ്ടാം ഘട്ട സമാധാന ചർച്ചയ്ക്ക് റഷ്യ തയ്യാറാകണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു. 450,000-ത്തിലധികം ആളുകൾ യുക്രൈനിൽ നിന്ന് പോളണ്ടിലേക്കും 113,000 പേർ റൊമാനിയയിലേക്കും പലായനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്നും യക്രൈനിൽ നിന്നും സൈന്യത്തെ പിൻവലിക്കണമെന്നും യു.എൻ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ലോകരാജ്യങ്ങൾ യുഎന്നിൽ ഉന്നയിച്ചത്.
റഷ്യയുടെ അതിർത്തിക്കടുത്തുള്ള യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിന് ചുറ്റുമാണ് ഏറ്റവും ശക്തമായ ബോംബാക്രമണം നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവർണർ ഒലെഗ് സിനെഗുബോവ് പറഞ്ഞു. കിയവിനു പടിഞ്ഞാറ്, ഷൈറ്റോമിർ നഗരത്തിൽ, ഒരു കുട്ടി ഉൾപ്പെടെ നാല് പേർ ചൊവ്വാഴ്ച റഷ്യൻ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രേനിയൻ ഉദ്യോഗസ്ഥരും വ്യക്തമാക്കി. ആക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സാധാരണക്കാരുടെ എണ്ണത്തിൽ വ്യക്തതയില്ലെന്നാണ് വിവരം. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ വലുതായിരിക്കുമെന്ന് തന്നെയാണ് യു.എന്നിന്റെയും വിലയിരുത്തൽ.