സെലന്‍സ്കിയെ കൊല്ലില്ലെന്ന് പുടിൻ ഉറപ്പ് നല്‍കിയിരുന്നു: മുൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്
|നാറ്റോ സഖ്യത്തിൽ ചേരാനുള്ള തീരുമാനം സെലൻസകി ഉപേക്ഷിച്ചാൽ യുദ്ധമുഖത്ത് നിന്നും പിൻമാറാമെന്ന് പുടിൻ ഉറപ്പ് തന്നിരുന്നതായും ബെനറ്റ് വെളിപ്പെടുത്തി
കീവ്: യുക്രൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കിയെ വധിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ വ്ളാദിമർ പുടിൻ തനിക്ക് ഉറപ്പ് നൽകിയിരുന്നുവെന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. യുക്രൈൻ - റഷ്യ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ മധ്യസ്ഥ ശ്രമവുമായി മുൻപന്തിയിലുണ്ടായിരുന്ന ആളാണ് ബെനറ്റ്. ഇതിനായി നിരവധി തവണ മോസ്കോയിലെത്തി പുടിനുമായി ബെനറ്റ് കൂടിക്കാഴ്ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഈ ചർച്ചകൾക്കിടെ സെലൻസികിയോടുള്ള നിങ്ങളുടെ സമീപനമെന്താണെന്ന് പുടിനോട് ചോദിച്ചപ്പോൾ, എന്തായാലും അദ്ദേഹത്തെ കൊല്ലാനുള്ള പദ്ധതികൾ തങ്ങൾക്കില്ലെന്ന് വ്യക്തമാക്കിയിരുന്നതായി ബെനറ്റ് പറയുന്നു.
ഇക്കാര്യം അന്ന് തന്നെ സെലൻസികിയെ അറിയിച്ചിരുന്നു. എന്നാൽ പുടിൻ എന്നെ കൊല്ലില്ലെന്ന് താങ്കൾക്ക് ഉറപ്പാണോയെന്നായിരുന്നു സെലൻസ്കി തിരിച്ചു ചോദിച്ചത്. നാറ്റോ സഖ്യത്തിൽ ചേരാനുള്ള തീരുമാനം സെലൻസകി ഉപേക്ഷിച്ചാൽ യുദ്ധമുഖത്ത് നിന്നും പിൻമാറാമെന്ന് പുടിൻ ഉറപ്പ് തന്നിരുന്നതായും ബെനറ്റ് വെളിപ്പെടുത്തി. എന്നാൽ ബെനറ്റിന്റെ വെളിപ്പെടുത്തലിനേട് റഷ്യ പ്രതികരിക്കാൻ തയ്യാറായില്ല.