World
Putin says India, China, Brazil could mediate Russia-Ukraine peace talks
World

യുക്രൈനുമായി ചർച്ചക്ക് തയ്യാർ; ഇന്ത്യക്കും ചൈനക്കും ബ്രസീലിനും മധ്യസ്ഥരാവാം: പുടിൻ

Web Desk
|
5 Sep 2024 12:11 PM GMT

ഈ വർഷം ഒക്ടോബർ 22 മുതൽ 24 വരെ റഷ്യയിൽവെച്ച് ബ്രിക്‌സ് ഉച്ചകോടി നടക്കാനിരിക്കെയാണ് പുടിൻ ചർച്ചകളെക്കുറിച്ച് വീണ്ടും സംസാരിക്കുന്നത്.

മോസ്‌കോ: യുക്രൈനുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. 2022ൽ ഇസ്തംബൂളിൽ റഷ്യയുടെയും യുക്രൈനിന്റെയും പ്രതിനിധികൾ ചർച്ച നടത്തിയിരുന്നെങ്കിലും അത് അലസിപ്പിരിയുകയായിരുന്നു. ഇതിന്റെ തുടർ ചർച്ചകൾക്ക് തയ്യാറാണെന്നാണ് പുടിൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

''ഞങ്ങൾ ഒരിക്കലും ചർച്ചക്ക് വിസമ്മതിച്ചിട്ടില്ല. പക്ഷെ താത്കാലികമായ ചില നിബന്ധനകളിൽ അത് നടത്താനാവില്ല. ഇസ്തംബൂളിൽ അംഗീകരിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം ചർച്ചകൾ മുന്നോട്ട് പോകേണ്ടത്''- റഷ്യയിലെ വ്‌ളാഡിവോസ്‌തോക്കിൽ നടന്ന ഈസ്‌റ്റേൺ എകണോമിക് ഫോറത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി പുടിൻ പറഞ്ഞു. കുർസ്‌ക് മേഖലയിലേക്കുള്ള യുക്രൈന്റെ കടന്നുകയറ്റമാണ് ചർച്ചകൾ അസാധ്യമാക്കുന്നതെന്ന് പുടിൻ നേരത്തെ പറഞ്ഞിരുന്നു.

ഇസ്തംബൂൾ ചർച്ചകൾ തങ്ങൾ പ്രാഥമികമായി ചില ധാരണകളിൽ എത്തിയതാണ്. യുക്രൈൻ പ്രതിനിധിസംഘത്തിന്റെ തലവൻ രേഖകളിൽ ഒപ്പുവെച്ചത് ഇതിന്റെ തെളിവാണ്. എന്നാൽ ഇതിന് ശേഷം ചില ബാഹ്യ ഇടപെടലുണ്ടായി. റഷ്യയുടെ തകർച്ച ആഗ്രഹിക്കുന്ന യു.എസും ചില യൂറോപ്യൻ രാജ്യങ്ങളുമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും പുടിൻ പറഞ്ഞു.

ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് റഷ്യക്കും യുക്രൈനുമിടയിൽ മധ്യസ്ഥരായി പ്രവർത്തിക്കാനാവും. യുദ്ധത്തിന്റെ ആദ്യ നാളുകളിൽ ഇസ്തംബൂളിൽ അംഗീകരിച്ച പ്രാഥമിക ധാരണയുടെ അടിസ്ഥാനത്തിൽ ചർച്ച തുടരാമെന്നും പുടിൻ വ്യക്തമാക്കി.

ഈ വർഷം ഒക്ടോബർ 22 മുതൽ 24 വരെ റഷ്യയിൽവെച്ച് ബ്രിക്‌സ് ഉച്ചകോടി നടക്കാനിരിക്കെയാണ് പുടിൻ ചർച്ചകളെക്കുറിച്ച് വീണ്ടും സംസാരിക്കുന്നത്. റഷ്യ, ചൈന, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് അംഗങ്ങൾ.

Similar Posts