'ഒരൊറ്റ മിസൈൽ മതി, ഒരു മിനുട്ടുകൊണ്ട് എല്ലാം അവസാനിക്കും'; പുടിൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ബോറിസ് ജോൺസൺ
|ബി.ബി.സിയുടെ 'പുടിൻ വി ദ വെസ്റ്റ്' എന്ന ഡോക്യുമെന്ററിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ
റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കഴിഞ്ഞ ഫെബ്രുവരിയിലെ യുക്രൈൻ ആക്രമണത്തിനു മുന്നോടിയായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയായിരുന്നു പുടിൻറെ ഭീഷണിപ്പെടുത്തലെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ബിബിസിയുടെ 'പുടിൻ വി ദ വെസ്റ്റ്' എന്ന ഡോക്യുമെന്ററിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
'ബോറിസ്, എനിക്ക് നിങ്ങളെ വേദനിപ്പിക്കാൻ ആഗ്രഹമില്ല, എന്നാൽ ഒരു മിസൈൽ അവിടെയെത്താൻ ഒരു മിനുട്ട് മതി'- പുടിൻ പറഞ്ഞതായി ബോറിസ് വെളിപ്പെടുത്തി. ശാന്തമായ സ്വരത്തിലായിരുന്നു പുടിന്റെ ഭീഷണി. എന്നാല്‍ പുടിന്റെ ഭീഷണി കാര്യമായി എടുത്തിരുന്നില്ലെന്നും അപ്പോഴെല്ലാം താൻ സെലൻസ്‌കിയെ പിന്തുണക്കാനായിരുന്നു ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലെൻസ്‌കിയെ പിന്തുണച്ചവരിൽ ഒരാളായിരുന്നു ബോറിസ് ജോൺസൺ. യുക്രൈൻ അധിനിവേശത്തിനു മുൻപുള്ള വർഷങ്ങളിൽ പുട്ടിനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ഭിന്നതയാണ് ബിബിസി ഡോക്യുമെന്ററിയുടെ പ്രമേയം. 2014ലെ റഷ്യയുടെ ക്രീമിയ അധിനിവേശം മുതലുള്ള കാര്യങ്ങൾ ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്.