ലോകത്തെ മികച്ച വിമാനകമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേസ് ഒന്നാമത്
|അഞ്ചാംസ്ഥാനത്ത് ദുബൈയുടെ എമിറേറ്റ്‌സും ഇരുപതാം സ്ഥാനത്ത് അബൂദബിയുടെ ഇത്തിഹാദും ഇടം നേടി
ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേസ് ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ ഗള്‍ഫിലെ മൂന്ന് വിമാനകമ്പനികള്‍ ഇടം പിടിച്ചു. അഞ്ചാംസ്ഥാനത്ത് ദുബൈയുടെ എമിറേറ്റ്‌സും ഇരുപതാം സ്ഥാനത്ത് അബൂദബിയുടെ ഇത്തിഹാദും ഇടം നേടി.
ഏവിയേഷന്‍ രംഗത്തെ സുരക്ഷയും സേവന മികവും വിലയിരുത്തുന്ന റേറിങ് ഏജന്‍സിയായ ആസ്‌ട്രേലിയയിലെ എയര്‍ലൈന്‍ റേറ്റിങ് ഡോട്ട്‌കോമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടിക തയാറാക്കുന്നത്. മികച്ച റേറ്റിങ് നേടുന്ന 20 വിമാനകമ്പനികളുടെ പട്ടികയാണ് എല്ലാവര്‍ഷവും തയാറാക്കുക.
കാബിന്‍ സജ്ജീകരണത്തിലെ പുതുമകള്‍, യാത്രാസേവനത്തിലെ മികവുകള്‍ എന്നിവയ്ക്ക് പുറമെ കോവിഡ് കാലത്തെ സുരക്ഷാനടപടികളും സര്‍വീസുമാണ് ഖത്തര്‍ എയര്‍വേസിനെ ഒന്നാമത് എത്തിച്ചത്. പട്ടികയില്‍ നിലമെച്ചപ്പെടുത്തിയാണ് എമിറേറ്റ്‌സ് അഞ്ചാംസ്ഥാനത്തേക്ക് ഉയര്‍ന്നത്.
പ്രീമിയം ഇക്കണോമിക്ലാസിന്റെ മികവാണ് എമിറേറ്റസിന്റെ മുന്നേറ്റത്തിന് കാരണം. പട്ടികയില്‍ ഇരുപതാം സ്ഥാനത്താണ് അബൂദബിയുടെ ഇത്തിഹാദ് എയര്‍വേസ്. എയര്‍ ന്യൂസിലന്റ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, ആസ്‌ട്രേലിയയുടെ ക്വാന്റാസ് എന്നിവയാണ് ആദ്യ അഞ്ചില്‍ ഇടംപിടിച്ച മറ്റു വിമാനകമ്പനികള്‍.