ദോഹയിലെ ഹമാസ് ഓഫീസ് പൂട്ടുമെന്ന വാർത്ത അടിസ്ഥാനരഹിതം; ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് പിന്മാറിയിട്ടില്ല: ഖത്തർ
|അവകാശങ്ങൾ ഉറപ്പാക്കും വരെ ഫലസ്തീൻ ജനതക്കുള്ള ശക്തമായ പിന്തുണ തുടരുമെന്നും ഖത്തർ
ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ചകളിൽ നിന്ന് പിൻവാങ്ങിയെന്ന റിപ്പോർട്ടുകൾ തള്ളി ഖത്തർ. ദോഹയിലെ ഹമാസ് ഓഫീസ് അടച്ചുപൂട്ടുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്നും ഖത്തർ വ്യക്തമാക്കി. അതിനിടെ ഗസ്സയിലേക്ക് കൂടുതൽ സഹായം ലഭ്യമാക്കിയില്ലെങ്കിൽ ആയുധ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇസ്രായേലിന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.
ഗസ്സയിലെ യുദ്ധവിരാമം മുൻനിർത്തിയുള്ള മധ്യസ്ഥ ചർച്ചകളിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചതായ റിപ്പോർട്ടുകളാണ് ഖത്തര്‍ തള്ളിയത്. തൽക്കാലം ചർച്ച നിർത്തി വെക്കുക മാത്രമാണുണ്ടായത്. യുദ്ധം അവസാനിപ്പിക്കാൻ ഗൗരവപൂർണമായ ഇടപെടലുകൾ ഉണ്ടായാൽ ചർച്ച പുനരാരംഭിക്കാൻ സന്നദ്ധമാണെന്ന് ഇരുപക്ഷത്തെയും അറിയിച്ചതായും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹമാസിന്‍റെ ഓഫീസ് ദോഹയിൽ അടച്ചുപൂട്ടുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുപക്ഷവുമായും ആശയവിനിമയത്തിനുള്ള കേന്ദ്രം എന്ന നിലക്കാണ് ഓഫീസ് പ്രവർത്തനം. അവകാശങ്ങൾ ഉറപ്പാക്കും വരെ ഫലസ്തീൻ ജനതക്കുള്ള ശക്തമായ പിന്തുണ തുടരുമെന്നും ഖത്തർ പ്രഖ്യാപിച്ചു.
അതിനിടെ, വടക്കൻ ഗസ്സക്ക് സഹായം ലഭ്യമാക്കിയില്ലെങ്കിൽ ആയുധവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുമാസത്തിനകം വടക്കൻ ഗസ്സയിലെ ഉപരോധം പിൻവലിച്ച് സഹായം ഉറപ്പാക്കണമെന്ന് ബൈഡൻ ഭരണകൂടം നേരെത്ത നിർദേശിച്ചിരുന്നു. ഒരു മാസമായി ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തുന്ന വടക്കൻ ഗസ്സ, കൊടും പട്ടിണിയിലേക്ക് നീങ്ങുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
വൻ ദുരന്തം ഒഴിവാക്കാൻ ദിവസങ്ങൾക്കുള്ളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആഗോള ഭക്ഷ്യ സുരക്ഷ വിദഗ്ധരായ ഫാമിൻ റിവ്യൂ കമ്മിറ്റി മുന്നറിയിപ്പ് നൽകി. ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുമെന്ന് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് ഉറപ്പു നൽകി. അതേസമയം ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം രൂക്ഷമാകുകയാണ്. ഗസ്സയിൽ 44ഉം ലബനാനിൽ 18ഉം പേരാണ് ശനിയാഴ്ച മാത്രം കൊല്ലപ്പെട്ടത്.