120 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, പലതവണ പശ്ചിമേഷ്യയിലുമെത്തി; ഒരിക്കല്‍ പോലും എലിസബത്ത് രാജ്ഞി ഇസ്രായേല്‍ സന്ദര്‍ശിച്ചില്ല-കാരണമറിയാം
|1984ലാണ് എലിസബത്ത് ഇസ്രായേലിന്റെ അയൽരാജ്യമായ ജോർദാനിലെത്തുന്നത്. അന്ന് വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പോർവിമാനങ്ങൾ വെടിയുതിർക്കുന്നതു കണ്ട് 'ഭയാനകം' എന്നാണ് ജോർദാൻ രാജാവിന്‍റെ ഭാര്യ നൂറിനോട് അവര്‍ പ്രതികരിച്ചത്
ലണ്ടൻ: 96 വയസിനിടെ 120ലേറെ രാജ്യങ്ങൾ സന്ദർശിച്ചു. ബ്രിട്ടീഷ് രാജ്ഞിയായതിനുശേഷം എത്രയോ രാജ്യങ്ങളിൽ ഔദ്യോഗിക അതിഥിയായുമെത്തി. എന്നാൽ, അന്തരിച്ച എലിസബത്ത് രാജ്ഞി ഇതുവരെയും ഇസ്രായേൽ കണ്ടിട്ടില്ലെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് ചരിത്രം. തൊട്ടടുത്തുള്ള ജോർദാനിൽവരെ എത്തിയിട്ടും ഇസ്രായേൽ സന്ദർശിക്കാൻ എലിസബത്ത് മുതിർന്നിരുന്നില്ല.
എലിസബത്ത് രാജ്ഞി മാത്രമല്ല, 2018 വരെ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരംഗവും ഔദ്യോഗികതലത്തിൽ ഇതുവരെ ഇസ്രായേൽ സന്ദർശിച്ചിട്ടില്ല. എലിസബത്തിന്റെ കൊച്ചുമകൻ കൂടിയായ വില്യം രാജകുമാരനാണ് ആദ്യമായി ഇസ്രായേലിൽ ഔദ്യോഗിക അതിഥിയായി എത്തുന്നത്. 2018ൽ ഇസ്രായേൽ ഭരണകൂടം നടത്തിയ 70-ാം സ്വാതന്ത്ര്യദിനാഘോഷത്തിലായിരുന്നു ഇത്.
ബ്രിട്ടീഷ് രാജകുടുംബം ഇസ്രായേൽ സന്ദർശനം ഒഴിവാക്കാൻ പല കാരണങ്ങളാണ് പറയപ്പെടുന്നത്. അടുത്തിടെ വരെ ഫലസ്തീൻ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ഗൾഫ്, അറബ് രാജ്യങ്ങളെ പിണക്കാതിരിക്കാനായിരുന്നു ഇതെന്നാണ് പറയപ്പെടുന്ന പ്രധാന കാരണം. ഇസ്രായേൽ സന്ദർശനം അറബ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കാനിടയാക്കുമെന്ന ഭീതിയുണ്ടായിരുന്നു.
1948ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുമുൻപുള്ള ഇസ്രായേലിലെ സാഹചര്യവും ബ്രിട്ടീഷ് സാമ്ര്യാജ്യത്തിനു മറക്കാനാകില്ല. ഫലസ്തീനുമായി ബന്ധപ്പെട്ടുള്ള ബ്രിട്ടീഷ് ഉത്തരവിനെതിരെ സയണിസ്റ്റ് സായുധ സംഘങ്ങള്‍ അക്രമാസക്തമായ കലാപമാണ് അഴിച്ചുവിട്ടിരുന്നത്.
പശ്ചിമേഷ്യയിൽ പല തവണ എലിസബത്ത് സന്ദർശനം നടത്തിയിട്ടുണ്ട്. 1984ലാണ് ഇസ്രായേലിന്റെ അയൽരാജ്യമായ ജോർദാനിലെത്തുന്നത്. അന്ന് വിദൂരതയിലിരുന്ന് വെസ്റ്റ് ബാങ്കിന്റെ കാഴ്ചകൾ രാജ്ഞി നോക്കിക്കണ്ടു. വിദൂരതയിൽ ഇസ്രായേൽ പോർവിമാനങ്ങൾ വെടിയുതിർക്കുന്നതു കണ്ട് 'ഭയാനകം' എന്ന് പ്രതികരിച്ചിരുന്നതായി 'മിഡിലീസ്റ്റ് ഐ' റിപ്പോർട്ട് ചെയ്യുന്നു. ഇതുകേട്ട് ജോർദാൻ രാജാവ് ഹുസൈന്റെ ഭാര്യ നൂർ രാജ്ഞി 'അതെ, പേടിപ്പെടുത്തുന്നതാണ്' എന്ന് പ്രതികരിക്കുകയും ചെയ്തത്രെ.
പിന്നീട് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കൈയേറ്റ പ്രദേശങ്ങളുടെയും നിയമവിരുദ്ധ പാർപ്പിടങ്ങളുടെയും ഭൂപടം കണ്ടും എലിസബത്ത് രാജ്ഞി നടുക്കം രേഖപ്പെടുത്തി. 'നിരാശപ്പെടുത്തുന്ന ഭൂപടം തന്നെ' എന്നായിരുന്നു പ്രതികരണം.
എന്നാൽ, എലിസബത്തിന്റെ മരണത്തിനു പിന്നാലെ പുതിയ രാജാവായി അധികാരമേറ്റ മകൻ ചാൾസ് മൂന്നാമൻ 2020ൽ ഇസ്രായേൽ സന്ദർശിച്ചിരുന്നു. വെയിൽസ് രാജകുമാരനായായിരുന്നു ചാൾസിന്റെ ഔദ്യോഗിക സന്ദർശനം. അന്ന് വെസ്റ്റ് ബാങ്കിലുമെത്തി അദ്ദേഹം. ജറൂസലേമിലെ വേൾഡ് ഹോളോകോസ്റ്റ് ഫോറത്തിൽ പ്രഭാഷണവും നടത്തി. ബത്‌ലഹേമിലെത്തി പശ്ചിമേഷ്യയിലെ നിത്യസമാധാനത്തിനു വേണ്ടി പ്രാർത്ഥന നടത്തിയ ചാൾസ്, ഫലസ്തീൻ ജനതയുടെ ഉദാരതയും ഊഷ്മളതയും ഊർജവുമെല്ലാം തന്നെ ഞെട്ടിച്ചുവെന്നും പ്രതികരിച്ചു.
അതേസമയം, 1986ൽ തന്റെ സുഹൃത്തിനയച്ച കത്തിലെ ചില പരാമർശങ്ങൾ ചാൾസിനെതിരെ വലിയ വിമർശനവും വിളിച്ചുവരുത്തിയിരുന്നു. ഇസ്രായേലിലേക്ക് യൂറോപ്പിൽനിന്നും മറ്റു വിദേശരാജ്യങ്ങളിൽനിന്നുമുള്ള കുത്തൊഴുക്ക് അറബ് ലോകവും രാജ്യവും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു ചാൾസിന്റെ വിവാദ പരാമർശം. അമേരിക്കയിലെ ജൂതലോബിയെ യു.എസ് പ്രസിഡന്റുമായി ഗൗരവമായി കാണാത്തതിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് കത്തിൽ.
ഡയാന രാജകുമാരിക്കൊപ്പം നടത്തിയ ഗൾഫ് സന്ദർശനത്തിനു പിന്നാലെയായിരുന്നു ചാൾസിന്റെ കത്ത്. 2017ൽ കത്തിലെ വിശദാംശങ്ങൾ പുറത്തുവന്നതോടെയാണ് വൻ കോളിളക്കമുണ്ടായത്. വിവാദത്തിനു പിന്നാലെ ചാൾസിന്റെ വക്താവ് വിശദീകരണവുമായും രംഗത്തെത്തി. സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനത്തിനടെ കേട്ട കാര്യങ്ങൾ പങ്കുവച്ചതാണെന്നും രാജകുമാരന്റെ അഭിപ്രായമല്ല അതൊന്നുമെന്നായിരുന്നു വിശദീകരണം.
Summary: Why did Queen Elizabeth II never visit Israel?