ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്; വംശീയതയ്ക്കല്ല, മെറിറ്റിനാണ് പ്രാധാന്യമെന്ന് ഋഷി സുനക്
|പ്രധാനമന്ത്രിയാകാന്‍ കൂടുതല്‍ യോഗ്യന്‍ ആരാണെന്ന ചോദ്യമാണ് ഉന്നയിക്കുന്നതെന്നും വംശീയതയ്ക്ക് മാത്രമല്ല ലിംഗഭേദത്തിനും സ്ഥാനമില്ലെന്നും പറഞ്ഞു
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വംശീയതയ്ക്കല്ല മെറിറ്റിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് സ്ഥാനാര്‍ഥികളിലൊരാളായ ഋഷി സുനക്. പ്രധാനമന്ത്രിയാകാന്‍ കൂടുതല്‍ യോഗ്യന്‍ ആരാണെന്ന ചോദ്യമാണ് ഉന്നയിക്കുന്നതെന്നും വംശീയതയ്ക്ക് മാത്രമല്ല ലിംഗഭേദത്തിനും സ്ഥാനമില്ലെന്നും പറഞ്ഞു.
ബോറിസ് ജോണ്‍സന്‍റെ പിന്‍ഗാമിയായി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തീരുമാനത്തില്‍ വംശീയത ഘടകമല്ലെന്ന അഭിപ്രായമാണ് ഋഷി സുനകിനുള്ളത്. ആരുടെയെങ്കിലും തീരുമാനത്തില്‍ വംശീയത ഒരു ഘടകമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നു പറഞ്ഞ അദ്ദേഹം താന്‍ പാര്‍ലമെന്‍റംഗമായി തെരഞ്ഞെടുക്കപ്പെട്ട കാര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
വിജയിച്ചാല്‍ ബ്രിട്ടന്‍റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയാവും ഋഷി. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകനാണ് റിഷി സുനക്.സെപ്തംബർ അഞ്ചിനായിരിക്കും പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നത്.