റഫ ആക്രമണം; ഇസ്രായേലിനെതിരെ അമേരിക്ക
|ഇസ്രായേലിലേക്കുള്ള ആയുധകൈമാറ്റം തടഞ്ഞതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി
വാഷിങ്ടണ്‍: റഫ ആക്രമണത്തിൽ ഇസ്രായേലിനെതിരെ അമേരിക്ക. ഇസ്രായേലിലേക്കുള്ള ആയുധകൈമാറ്റം തടഞ്ഞതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. അവശേഷിച്ച ആയുധ ആയുധകൈമാറ്റങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്നും ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. റഫയ്ക്കു നേരെയുള്ള വ്യാപക ആക്രമണത്തെ ചെറുക്കുമെന്നും സൈനിക നടപടിയിൽ സിവിലിയൻ സുരക്ഷയ്ക്ക് മുൻഗണന വേണമന്നാണ് അമേരിക്കൻ നിലപാടെന്നും ഓസ്റ്റിൻ വ്യക്തമാക്കി. ഇസ്രായേൽ - ഹമാസ് വെടിനിർത്തൽ ചർച്ചയിൽ പുരോഗതി പ്രതീക്ഷിക്കുന്നതായി വൈറ്റ്ഹൗസും അറിയിച്ചു.
റഫ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. റഫയിലേക്കുള്ള സൈനികനടപടി ബന്ദികളുടെ മോചനവും ഹമാസിെൻറ ഉൻമൂലനവും എന്നീ രണ്ട് ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്നും നെതന്യാഹു പറഞ്ഞു. റഫയിൽ അവശേഷിച്ച ഹമാസിെൻറ നാല് ബ്രിഗേഡുകളെയും ഇല്ലാതാക്കുമെന്നും ഗസയില്‍ അധികാരം പുന:സ്ഥാപിക്കാൻ ഹമാസിനെ അനുവദിക്കില്ലെന്നും ഹമാസ് നിർദേശം ഇസ്രായേലിെൻറ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് ഏറെ വിദൂരമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതേസമയം ഗസയിൽ സമാധാനം പുനസ്ഥാപിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചിരുന്നു. വെടിനിർത്തലുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കണമെന്നും ഖത്തറിനെയും ഈജിപ്തിനെയും ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യയാണ് അറിയിച്ചിരുന്നു. രണ്ടു ദിവസത്തിലധികം നീണ്ട കെയ്‌റോ വെടിനിർത്തൽ ചർച്ചയെ തുടർന്ന് ഖത്തറിൽ തിരിച്ചെത്തിയ ഹമാസ് സംഘമാണ് മുതിർന്നനേതാക്കളുമായുള്ള കൂടിയാലോചനയെ തുടർന്ന് ഔദ്യോഗിക അംഗീകാരം അറിയിച്ചത്.