റഫയിൽ സംഭവിക്കാൻ പോകുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തം; മുന്നറിയിപ്പുമായി യു.എൻ
|മൃതദേഹങ്ങൾ മാറ്റാനോ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കാനോ യാതൊരു സംവിധാനവുമില്ല
ദുബൈ: ഏറ്റവും വലിയ മാനുഷിക ദുരന്തമാകും റഫയിൽ സംഭവിക്കാൻ പോകുന്നതെന്ന് യു.എന്നിന്റെ മുന്നറിയിപ്പ്. റഫയിൽ സൈനിക നടപടി വിപുലീകരിക്കാൻ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതിനു പിന്നാലെ സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം.
കൂടുതൽ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം ആവശ്യപ്പെട്ടു. തെക്കൻ, വടക്കൻ ഗസ്സകളിൽ കരയാക്രമണം വ്യാപകമായി. റഫയുടെ വിവിധ ഭാഗങ്ങളിൽ നടന്ന വ്യോമ, കരയാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.
മൃതദേഹങ്ങൾ മാറ്റാനോ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കാനോ യാതൊരു സംവിധാനവുമില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി മാത്രം മുപ്പതിലേറെ പേർ കൊല്ലപ്പെട്ടതായാണ് വിവരം.
റഫയിൽ നിന്ന് പിൻമാറുകയാണെങ്കിൽ ഹമാസ് പോരാളികളെ കണ്ടെത്തി വധിക്കാനുള്ള എല്ലാ സൗകര്യങ്ങളും നൽകാമെന്ന് അമേരിക്ക ഇസ്രായേലിന് ഉറപ്പു നൽകിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'വാഷിങ്ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. ബന്ദികളെ ഹമാസ് കൈമാറിയാൽ നാളെത്തന്നെ ഗസ്സയിൽ വെടിനിർത്തൽ യാഥാർഥ്യമാകുന്നെ് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ.
സിവിലിയൻ സമൂഹത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാതെ ഇസ്രായേൽ നടത്തുന്ന റഫ ആക്രമണം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഫ്രാൻസും ജർമനിയും മുന്നറിയിപ്പ് നൽകി. അതേസമയം, ഒരു ഇസ്രായേൽ ബന്ദി കൂടി ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ പരിക്കേറ്റ് കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ബ്രിട്ടീഷ്-ഇസ്രായേൽ പൗരനായി നദവ് പോപ്പിൾവെൽ ആണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു.
ഒരു മാസം മുമ്പാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ നദവിന് പരിക്കേറ്റത്. നദവിന്റെ വിഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. നദവിന്റെ മരണവാർത്ത വന്നതോടെ ബന്ദിമോചനത്തിനായി ഇസ്രായേലിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തിയാർജിച്ചു. പലയിടങ്ങളിലും പ്രക്ഷോഭകർക്കു നേരെ സുരക്ഷാ വിഭാഗം ബലപ്രയോഗം നടത്തി.
അൽശിഫ ആശുപത്രിയിലെ കൂട്ടക്കുഴിമാടത്തിൽ നിന്ന് പുതുതായി 81 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഗസ്സയിൽ പിടികൂടിയ നൂറുകണക്കിന് ഫലസ്തീൻകാരെ കൊടിയ പീഡനങ്ങൾക്കു വിധേയമാക്കിയെന്ന സി.എൻ.എൻ റിപ്പോർട്ടിനു മേൽ ഇസ്രായേലിനോട് വിശദീകരണം തേടിയെന്ന് അമേരിക്ക. വംശഹത്യാ കേസിൽ ഗസ്സയിൽ നിന്ന് ഇസ്രായേലിനോട് പിൻമാറാൻ ആവശ്യപ്പെടണമെന്ന് ദക്ഷിണാഫ്രിക്കയും കൊളംബിയയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് ആവശ്യപ്പെട്ടു.