'എലികളെ കാണാൻ പോയാലോ'; സഞ്ചാരികൾക്കായി 'റാറ്റ് ടൂർ' പാക്കേജുമായി ന്യൂയോർക്ക്
|30 ലക്ഷത്തിലധികം എലികൾ ന്യൂയോർക്ക് നഗരത്തിലുണ്ടെന്നാണ് കണക്കുകൾ പറയുന്നത്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ന്യൂയോർക്ക്. സ്റ്റാച്യു ഓഫ് ലിബർട്ടി, സെൻട്രൽ പാർക്ക്, ടൈംസ് സ്‌ക്വയർ തുടങ്ങിയ സ്ഥലങ്ങള്‍ കാണാൻ പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് വർഷം തോറും ന്യൂയോർക്കിലെത്തുന്നത്. എന്നാൽ നഗരത്തിലെത്തുന്ന സഞ്ചാരികൾക്കായി ഒരു വ്യത്യസ്തമായ ടൂർ പാക്കേജാണ് ന്യൂയോർക്ക് നഗരം പരിചപ്പെടുത്തുന്നത്. അത് വേറൊന്നുമല്ല, രാത്രിയിൽ സഞ്ചാരികൾക്ക് എലികളെ കാണാൻ പോകാം. 'റാറ്റ് ടൂർ' എന്ന പേരിലാണ് പുതിയ ടൂർ പാക്കേജ് അവതരിപ്പിക്കുന്നത്.
സംഭവം എന്താണന്നല്ലേ, എലികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ന്യൂയോർക്ക് നഗരം. ഓരോ വർഷവും എലികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. 30 ലക്ഷത്തിലധികം എലികൾ ന്യൂയോർക്ക് നഗരത്തിലുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എലി ശല്യത്തെ ടൂറിസവുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ് ന്യൂയോർക്ക്. രാത്രിയിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ന്യൂയോർക്ക് സിറ്റിയിലെ ടൂർ ഗൈഡുമാർ വിനോദസഞ്ചാരികളുമായി രാത്രിയിൽ എത്തുന്നുണ്ടെന്ന് 'ദി ഗാർഡിയൻ' റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.
ടൂർ ഗൈഡായ കെന്നി ബോൾവെർക്ക് എന്നയാൾ ഇത്തരത്തിൽ സഞ്ചാരികൾ എലികളെ കാണാനെത്തുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എലികളെ കാണാൻ ഒന്നുരണ്ട് മണിക്കൂർ സഞ്ചാരികൾക്ക് അവസരം ഒരുക്കുന്നുണ്ട്. എവിടെയൊക്കെ എലികളെ കാണാം എന്നതിന്റെ 'റാറ്റ് ടൂർ' മാപ്പും ടൂറിസ്റ്റ് ഗൈഡ് വീഡിയോ സഹിതം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എലികളെ എവിടെകാണാമെന്ന് ചോദിച്ച് നിരവധി പേർ വിളിക്കാറുണ്ടെന്ന് മറ്റൊരു ടൂറിസ്റ്റ് ഗൈഡ് 'ഔട്ട് ലെറ്റിനോട്' പറഞ്ഞു. എലികളുടെ വീഡിയോ കാണാൻ നിരവധി പേർ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ എലികളെ കാണാൻ സാധിക്കുക എന്ന് അന്വേഷിക്കാറുണ്ടെന്നും ടൂറിസ്റ്റ് ഗൈഡുകൾ പറയുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.