ഇത് എന്‍റെ വിജയമല്ല, തുർക്കിയുടെ വിജയം: ഉർദുഗാന്‍
|20 വർഷമായി തുർക്കി ഭരിക്കുന്ന ഉർദുഗാനെതിരെ ആറ് പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്നിട്ടും തോൽപ്പിക്കാനായില്ല
അങ്കാറ: ഇത് തന്‍റെ വിജയമല്ല തുർക്കിയുടെ വിജയമാണെന്ന് വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉർദുഗാന്‍. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണ്. തുര്‍ക്കി ജനതയുടെ കരുത്ത് ലോകത്തിന് ഒരിക്കല്‍ കൂടി ബോധ്യമായി. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
രണ്ടാം ഘട്ട വോട്ടെടുപ്പിൽ 52.16 ശതമാനം വോട്ടുകളാണ് ഉർദുഗാൻ നേടിയത്. പ്രതിപക്ഷ സ്ഥാനാർഥി കെമാൽ കിലിഷ്ദരോളുവിന് 47.84 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. 20 വർഷമായി തുർക്കി ഭരിക്കുന്ന ഉർദുഗാനെതിരെ ആറ് പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്നിട്ടും തോൽപ്പിക്കാനായില്ല. തീവ്ര ഇസ്‍ലാമിസ്റ്റ് പാർട്ടിയായി അറിയപ്പെടുന്ന സആദത് പാർട്ടിയുമുണ്ടായിരുന്നു കെമാലിന്റെ സഖ്യത്തിൽ.
തുർക്കിയിലെ സാമ്പത്തിക പ്രതിസന്ധിയും ഭൂകമ്പത്തിലെ രക്ഷാദൗത്യത്തിൽ വീഴ്ചയുണ്ടായെന്ന പ്രചാരണവും ഏശിയില്ല. ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന് കണക്കുകൂട്ടിയ പ്രതിപക്ഷത്തെ നിരാശരാക്കുന്നതാണ് ഈ വിധി. ഉർദുഗാൻ കൊണ്ടുവന്ന, അധികാരങ്ങൾ പ്രസിഡന്റിൽ കേന്ദ്രീകരിക്കുന്ന സമ്പ്രദായം മാറ്റും എന്നതായിരുന്നു കിലിഷ്ദരോളുവിന്റെ പ്രധാന വാഗ്ദാനം. പക്ഷെ അതും ജനത്തിന് ആവശ്യമില്ലെന്ന് തുർക്കി വിധിയെഴുതി.
തുര്‍ക്കി ഏറ്റവും ദൈര്‍ഘ്യമേറിയ കാലം ഭരിച്ച നേതാവാണ് ഉർദുഗാൻ. 2003 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായി. ശേഷം പ്രസിഡന്റ് പദവിയിലെത്തി. ലോകരാഷ്ട്രീയത്തിൽ ഉര്‍ദുഗാനെ കൂടുതൽ കരുത്തനാക്കുന്നതാണ് ഈ വിജയം.
നേറ്റോയിലായിരിക്കുമ്പോൾ തന്നെ റഷ്യയുമായും ഇറാനുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് ഉർദുഗാൻ. യൂറോപ്പിലെ പല പ്രശ്നങ്ങളിലും ഉര്‍ദുഗാന്‍ പരിഹാരം നിർദേശിച്ചു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിൽ മധ്യസ്ഥ റോളിലുണ്ടായിരുന്നത് ഉർദുഗാനായിരുന്നു. വിഷൻ 2040 എന്ന പേരിൽ ലോകത്ത് തുർക്കി വൻ ശക്തിയാകാനുള്ള പദ്ധതിക്ക് തന്നെയാണ് തുർക്കി ജനത ഉർദുഗാന് അടുത്ത ടേം കൂടി നൽകുന്നത്.