World
Recep Tayyip Erdogan victory turkey president election

Recep Tayyip Erdogan

World

തുര്‍ക്കിയുടെ ജനകീയമുഖം, രണ്ടു പതിറ്റാണ്ടിനിപ്പുറവും ഉർദുഗാൻ തരംഗത്തെ മറികടക്കാനാവാതെ പ്രതിപക്ഷം

Web Desk
|
29 May 2023 1:33 AM GMT

അറബ്​ ഉൾപ്പെടെ ലോകരാജ്യങ്ങളുമായി കൂടുതൽ അടുപ്പം രൂപപ്പെടുത്തി ശക്​തമായ രാഷ്​ട്രീയ, സാമ്പത്തിക നടപടികൾക്കാവും ഉർദുഗാന്‍റെ ഇനിയുള്ള നീക്കം

അങ്കാറ: പടിഞ്ഞാറൻ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും മുൻവിധി കലർന്ന പ്രവചനങ്ങൾക്കുള്ള തിരുത്താണ്​​ റജബ്​ ത്വയ്യിബ്​ ഉർദുഗാന്‍റെ ജയം. രണ്ടു പതിറ്റാണ്ടിനിപ്പുറവും ഉർദുഗാൻ തരംഗത്തെ അതിജയിക്കാൻ കഴിയാത്ത നിരാശയിലാണ്​ ​തുർക്കി പ്രതിപക്ഷം. അറബ്​ ഉൾപ്പെടെ ലോകരാജ്യങ്ങളുമായി കൂടുതൽ അടുപ്പം രൂപപ്പെടുത്തി ശക്​തമായ രാഷ്​ട്രീയ, സാമ്പത്തിക നടപടികൾക്കാവും ഉർദുഗാന്‍റെ ഇനിയുള്ള നീക്കം. ​

1994ൽ ഇസ്​ലാമിക്​ വെൽഫെയർ പാർട്ടി ടിക്കറ്റിൽ മൽസരിച്ച്​ ഇസ്​തംബുൾ മേയർ ആയാണ്​ രാഷ്​ട്രീയത്തിൽ ഉർദുഗാന്‍റെ തുടക്കം. പിന്നീട്​ തുർക്കി പ്രധാനമന്ത്രി പദത്തിൽ. അതിനു പിന്നാലെ പ്രസിഡൻറ്​ പദം. അധികാരത്തിൽ​ രണ്ടു പതിറ്റാണ്ട്​ കഴിഞ്ഞിട്ടും ഈ 69കാരന്‍റെ ജനസമ്മതിക്ക്​ കുറവില്ലെന്ന്​ ഫലം തെളിയിക്കുന്നു.

കടുത്ത പരീക്ഷണങ്ങൾ ആയിരുന്നു ഇക്കുറി. അര ലക്ഷം പേരുടെ ജീവൻ കവർന്ന ഭൂകമ്പം, സാമ്പത്തിക പ്രതിസന്ധി, അഭയാർഥി പ്രവാഹം- ഉർദുഗാൻ യുഗം ഇതോടെ തീർന്നെന്ന്​ പ്രതിപക്ഷവും പടിഞ്ഞാറും ഉറപ്പിച്ചതാണ്​. പക്ഷെ രണ്ടാം ഘട്ടത്തിലും മുഖ്യ എതിർ സ്​ഥാനാർഥി കെമാലിന്​ അടിപതറി.

പരിഷ്​കരണവാദിയായാണ്​ ഉർദുഗാന്‍റെ തുടക്കം. അക്കാലത്ത്​ യൂറോപ്യൻ യൂനിയൻ അംഗത്വ ചർച്ചക്കായി തുർക്കിയിൽ കൂടുതൽ സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു. പ്രസിഡൻഷ്യൽ അധികാരത്തിലേക്ക്​ തുർക്കി വഴിമാറി. പിന്നെ കണ്ടത്​ കടുത്ത നിലപാടുകാരനായ ഉർദുഗാനെ. 2001ൽ വെൽഫെയർ പാർട്ടി വിട്ട ഉർദുഗാൻ ജസ്​റ്റിസ്​ ആൻറ്​ ഡവലപ്​മെൻറ്​ പാർട്ടിക്ക്​ രൂപം നൽകി. ഒരു വർഷത്തിനുള്ളിൽ നടന്ന തെരഞ്ഞെടുപ്പിൽ എ.കെ.പിക്ക്​ പാർലമെൻറിൽ ഭൂരിപക്ഷം. 1997ൽ കവിതാലാപനം നടത്തി വിദ്വേഷം പ്രചരിപ്പിച്ച കുറ്റത്തിന്​ നാലു മാസത്തെ തടവുശിക്ഷ അനുഭവിച്ചിരുന്നു. അതിന്‍റെ പേരിൽ ഉർദുഗാന്​ മൽസരിക്കുന്നതിൽ നിന്ന്​ വിലക്ക്​. അതുമാറി 2003ൽ നടന്ന തെരഞ്ഞെടുപ്പിലാണ്​​ ഉർദുഗാന്‍റെ പ്രവേശം. ജനകീയതയും കണിശതയും ദിശാബോധവും നിറഞ്ഞ ഈ രാഷ്​ട്രീയ നേതാവ് വീണ്ടും പ്രസിഡന്‍റ് പദത്തിലെത്തുകയാണ്.

Similar Posts