World
people forcibly displaced by war
World

യുദ്ധം,അതിക്രമം; ആഗോളതലത്തില്‍ 120 മില്യണ്‍ പേര്‍ നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ടുവെന്ന് യു.എന്‍

Web Desk
|
13 Jun 2024 4:54 AM GMT

സംഘർഷം വൻതോതിൽ കുടിയൊഴിപ്പിക്കലിന് കാരണമാകുന്നു

ജനീവ: യുദ്ധം,അതിക്രമം എന്നിവയാല്‍ ആഗോളതലത്തില്‍ 120 ദശലക്ഷം ആളുകള്‍ നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭ. ഗസ്സ, സുഡാന്‍,മ്യാന്‍മാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഗോളതലത്തിൽ നിർബന്ധിത കുടിയൊഴിപ്പിക്കൽ വീണ്ടും റെക്കോഡുകൾ തകർത്തതായി യുഎന്‍ അഭയാർഥി ഏജൻസി യുഎൻഎച്ച്സിആർ വ്യക്തമാക്കി.

“സംഘർഷം വൻതോതിൽ കുടിയൊഴിപ്പിക്കലിന് കാരണമാകുന്നു,” യുഎൻഎച്ച്സിആർ മേധാവി ഫിലിപ്പോ ഗ്രാൻഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2023 അവസാനത്തില്‍ 117.3 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ അവസാനത്തോടെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ 12 വര്‍ഷമായി അഭയാര്‍ഥികള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. 2012 മുതൽ ഏകദേശം മൂന്നിരട്ടിയായി.എട്ട് വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ചപ്പോൾ ഈ വര്‍ധനവ് കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് ഗ്രാൻഡി എഎഫ്‍പിയോട് പറഞ്ഞു.''യുഎൻഎച്ച്സിആർ കഴിഞ്ഞ വർഷം 29 രാജ്യങ്ങളിലായി 43 അടിയന്തരാവസ്ഥകൾ പ്രഖ്യാപിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് സാധാരണമായിരുന്നതിൻ്റെ നാലിരട്ടിയിലധികം'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷങ്ങള്‍ അന്താരാഷ്ട്ര നിയമത്തെ പൂര്‍ണമായും അവഗണിച്ചതായും പലപ്പോഴും ആളുകളെ ഭയപ്പെടുത്തുക എന്ന പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നുവെന്നും ഗ്രാന്‍ഡി കുറിച്ചു. ഇതും കുടിയിറക്കലിലേക്ക് നയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഈ പ്രവണതയെ മറികടക്കുമെന്ന പ്രതീക്ഷയില്ലെന്നും ഗ്രാന്‍ഡി പറയുന്നു. 2023 അവസാനത്തോടെ കുടിയിറക്കപ്പെട്ട 117.3 ദശലക്ഷത്തിൽ 68.3 ദശലക്ഷം ആളുകൾ സ്വന്തം രാജ്യത്തിനുള്ളിൽ നിന്നും തന്നെ കുടിയിറക്കപ്പെട്ടവരാണെന്ന് വ്യാഴാഴ്ചത്തെ റിപ്പോർട്ട് വ്യക്തമാക്കുന്നു.അതേസമയം, അഭയാർത്ഥികളുടെയും അന്താരാഷ്ട്ര സംരക്ഷണം ആവശ്യമുള്ള മറ്റുള്ളവരുടെയും എണ്ണം 43.4 ദശലക്ഷമായി ഉയർന്നു.

എല്ലാ അഭയാർത്ഥികളും മറ്റ് കുടിയേറ്റക്കാരും സമ്പന്ന രാജ്യങ്ങളിലേക്കാണ് പോകുന്നതെന്ന ധാരണയെ യുഎൻഎച്ച്സിആർ എതിർത്തു."ഭൂരിപക്ഷം അഭയാർത്ഥികളും അയല്‍രാജ്യങ്ങളിലാണ് അഭയം പ്രാപിക്കുന്നത്. 75 ശതമാനം പേരും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ താമസിക്കുന്നു'' യുഎൻഎച്ച്സിആർ വിശദീകരിച്ചു.

സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ നിരവധി പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. 2023 ഏപ്രിലിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഒമ്പത് ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു, 2023 അവസാനത്തോടെ ഏകദേശം 11 ദശലക്ഷം സുഡാനികൾ പിഴുതെറിയപ്പെട്ടുവെന്നും യുഎൻഎച്ച്സിആർ വ്യക്തമാക്കുന്നു. ഇപ്പോഴും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 14 മാസത്തിനിടെ 600,000 സുഡാനികളെ സ്വീകരിച്ച അയൽരാജ്യമായ ചാഡിലേക്ക് ഇപ്പോഴും പലായനം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഗ്രാന്‍ഡി ചൂണ്ടിക്കാട്ടി. ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് സംഘര്‍ഷബാധിതമായ സ്വന്തം രാജ്യത്ത് നിന്നും ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും മ്യാൻമറിലും, കഴിഞ്ഞ വർഷം ദശലക്ഷക്കണക്കിന് ആളുകൾക്ക് ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ 1.7 ദശലക്ഷം ആളുകള്‍ പലായനം ചെയ്യപ്പെട്ടുവെന്നാണ് യുഎന്‍ കണക്കുകള്‍ പറയുന്നത്. 2022 ഫെബ്രുവരിയിൽ റഷ്യയുടെ സമ്പൂര്‍ണ അധിനിവേശത്തിനു ശേഷം യുക്രൈനില്‍ കഴിഞ്ഞ വർഷം 750,000 ആളുകൾ കുടിയിറക്കപ്പെട്ടു.ആകെ 3.7 ദശലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നാണ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിറിയയില്‍ 13.8 ദശലക്ഷം ആളുകൾ രാജ്യത്തിനകത്തും പുറത്തും നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്.

Related Tags :
Similar Posts