ചെങ്കടലിലെ കേബിളുകൾ മുറിഞ്ഞു; ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചു
|ബ്രിട്ടീഷ്, യു.എസ് സൈനിക വിഭാഗങ്ങളാണ് നാശനഷ്ടങ്ങൾക്ക് കാരണമെന്ന് ഹൂതികൾ ആരോപിച്ചു
ലണ്ടൻ: ചെങ്കടലിലൂടെ കടന്നുപോകുന്ന വിവിധ കേബിളുകൾക്ക് കേടുപാട് സംഭവിച്ചതോടെ ഇന്റർനെറ്റ് ഉൾപ്പെടെ വാർത്താവിനിമയ ശൃംഖലകളെ പ്രതികൂലമായി ബാധിച്ചു. ഇതോടെ ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് മേഖലകളിലേക്കുള്ള ഇന്റർനെറ്റ് ട്രാഫിക്കിന്റെ നാലിലൊന്ന് ഭാഗവും കമ്പനികൾ തിരിച്ചുവിട്ടു.
നാല് പ്രധാന ടെലികോം നെറ്റ്‌വർക്കുകളുടെ കേബിളുകളാണ് കേടായതെന്നും മിഡിൽ ഈസ്റ്റിലെ ആശയവിനിമയ ശൃംഖലകളിൽ കാര്യമായ പ്രശ്നം സൃഷ്ടിച്ചെന്നും ഹോങ്കോങ് ടെലികോം കമ്പനിയായ എച്ച്.ജി.സി ഗ്ലോബൽ കമ്യൂണിക്കേഷൻസ് അറിയിച്ചു. ഏഷ്യക്കും യൂറോപ്പിനും മിഡിൽ ഈസ്റ്റിനും ഇടയിലുള്ള 25 ശതമാനം ട്രാഫികിനെയും ബാധിച്ചതായും എച്ച്.ജി.സി വ്യക്തമാക്കി.
ഉപഭോക്താക്കൾക്കുള്ള തടസ്സങ്ങൾ കുറക്കാൻ ട്രാഫിക് തിരിച്ചുവിട്ടതായി കമ്പനി പറഞ്ഞു. അതേസമയം, എങ്ങനെയാണ് കേബിളുകൾ കേടായതെന്നോ ആരാണ് ഉത്തരവാദിയെന്നോ എച്ച്.ജി.സി വ്യക്തമാക്കിയിട്ടില്ല.
ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള സീകോം കമ്പനിയുടേതാണ് കേടായ മറ്റൊരു കാബിൾ. ഇത് നന്നാക്കാൻ ഒരു മാസമെങ്കിലും സമയമെടുക്കും. ഈ മേഖലയിൽ പ്രവൃത്തി നടത്താനുള്ള അനുമതി ലഭിക്കുന്നതിലെ കാലതാമസമാണ് പ്രശ്നമാവുകയെന്നും കമ്പനി അറിയിച്ചു.
ഏഷ്യ-ആഫ്രിക്ക-യൂറോപ്പ് 1ന്റെ കേബിളാണ് കേടായ മറ്റൊന്ന്. 25,000 കിലോമീറ്റർ വരുന്ന കേബിൾ സംവിധാനം ഈജിപ്ത് വഴി തെക്കുകിഴക്കൻ ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നു. യൂറോപ്പ് ഇന്ത്യ ഗേറ്റ്‌വേയുടെ (ഇ.ഐ.ജി) കേബിളിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവയെ ബന്ധിപ്പിക്കുന്ന കേബിളാണിത്. വോഡഫോണാണ് ഇതിലെ പ്രധാന നിക്ഷേപകർ.
അതേസമയം, യെമനിലെ ഹൂതികളാണ് കേബിളുകൾ നശിപ്പിച്ചതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ ആരോപിച്ചു. എന്നാൽ, ഹൂതി നേതാവ് അബ്ദുൽ മാലിക് അൽ ഹൂത്തി ആരോപണം നിഷേധിച്ചു. മേഖലയിലെ രാജ്യങ്ങൾക്ക് ഇന്റർനെറ്റ് നൽകുന്ന കടൽ കേബിളുകൾ ലക്ഷ്യമിടാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല. പ്രദേശത്ത് പ്രവർത്തിക്കുന്ന ബ്രിട്ടീഷ്, യു.എസ് സൈനിക വിഭാഗങ്ങളാണ് നാശനഷ്ടങ്ങൾക്ക് കാരണമെന്നും ഹൂതികൾ ആരോപിച്ചു.
ആഴക്കടലിലൂടെയുള്ള ഇത്തരം കേബിളുകൾ ഉപയോഗിച്ചാണ് ഇന്റർനെറ്റ് സൗകര്യങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്നത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ തുടങ്ങിയ കമ്പനികളെല്ലാം ഇതിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
അതേസമയം, മിക്ക ടെലികോം കമ്പനികളും കടലിനടിയിലെ വ്യത്യസ്ത കേബിൾ സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്. അതിനാൽ തന്നെ ഏതെങ്കിലും ഒന്ന് കേടുവന്നാലും മറ്റു കേബിളുകൾ ഉപയോഗിക്കാൻ സാധിക്കും.