നെതന്യാഹുവിന്‍റെ ഓഫീസിലേക്ക് ബന്ദികളുടെ ബന്ധുക്കളുടെ കൂറ്റൻ റാലി
|ഹമാസ് ബന്ധികളാക്കിയവരെ എത്രയും വേഗത്തിൽ മോചിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
തെല്‍ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിലേക്ക് ഹമാസ് ബന്ധികളാക്കിയവരുടെ കുടുംബാംഗങ്ങളുടെ കൂറ്റൻ റാലി. തലസ്ഥാന നഗരിയായ തെൽ അവീവിൽ നിന്നാരംഭിച്ച റാലിയും പ്രതിഷേധ പരിപാടികളും അഞ്ച് ദിവസം നീണ്ടുനില്‍ക്കും. 63 കിലോമീറ്റര്‍ പിന്നിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തുന്ന റാലിയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുക്കുന്നത്. ഹമാസ് ബന്ധികളാക്കിയവരെ എത്രയും വേഗത്തിൽ മോചിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഒക്ട്‌ബോർ ഏഴിന് അരങ്ങേറിയ ഹമാസ് ഓപ്പറേഷൻ തൂഫാനുൽ അഖ്‌സക്ക് പിറകെ 240 ഓളം പേരാണ് ബന്ധികളാക്കപ്പെട്ടത്. അതിൽ ചിലരെ നേരത്തേ മോചിപ്പിരുന്നു.
ഇസ്രായേല്‍ ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുള്ള ജനപ്രീതി ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ നെതന്യാഹുവിന്‍റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുമ്പിൽ കൂറ്റൻ പ്രതിഷേധ റാലി നടന്നിരുന്നു. ജറുസലേം അസ്സ സ്ട്രീറ്റിലെ വസതിക്കു മുന്നില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഹമാസ് പിടികൂടിയ ബന്ദികളെ തിരിച്ചെത്തിക്കാൻ കഴിയാത്ത നെതന്യാഹു ഉടൻ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1400ലേറെ ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 240ലേറെ പേരെ ബന്ദികളാക്കി. ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഇതുവരെ പതിനൊന്നായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.
ഹമാസ് ആക്രമണം നേരിടുന്നതിൽ നെതന്യാഹു പരാജയപ്പെട്ടു എന്നു കരുതുന്നവരാണ് ഇസ്രായേലികളില്‍ ഭൂരിഭാഗവും. ചാനൽ 13 ടെലിവിഷൻ നടത്തിയ അഭിപ്രായ സർവേയിൽ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് 76 ശതമാനം ആളുകളും അഭിപ്രായപ്പെട്ടിരുന്നു. യുദ്ധത്തിന് ശേഷം വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് 67 ശതമാനം പേരും നിലപാടെടുത്തു. ഹമാസിന്റെ ആക്രമണം നെതന്യാഹുവിന്റെ നേരിട്ടുള്ള പരാജയമാണ് എന്നാണ് 44 ശതമാനം ആളുകളും വിലയിരുത്തിയത്.