ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം: ഇസ്രായേലിനോട് അമേരിക്ക രോഷാകുലരായെന്ന് റിപ്പോർട്ട്
|ഹനിയ്യയെ വധിക്കാനുള്ള തീരുമാനത്തിൽ ബൈഡൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ അസ്വസ്ഥരായിരുന്നു
വാഷിങ്ടൺ: ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ വെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ തങ്ങളാണ് ഇതിന് പിന്നിലെന്ന് ഇസ്രായേൽ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ട്. ഇതോടെ അമേരിക്ക രോഷാകുലരായെന്നും വൈറ്റ് ഹൗസുമായി ബന്ധമുള്ളവരെ ഉദ്ധരിച്ചുകൊണ്ട് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഹനിയ്യയെ വധിക്കാനുള്ള തീരുമാനത്തിൽ ബൈഡൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ അസ്വസ്ഥരായിരുന്നു. ഗസ്സയിൽ മാസങ്ങളായി തുടരുന്ന സമാധാന ചർച്ചകൾ വെറുതെയാകുമെന്ന ആശങ്കയും അവർ പങ്കുവെച്ചു.
ഹിസ്ബുല്ലയുടെയും ഇറാന്റെ കമാൻഡർമാരെയും കൊലപ്പെടുത്തുന്ന വിവരം മുൻകൂട്ടി അറിയിക്കാത്തതിലും അമേരിക്കൻ ഉദ്യോഗസ്ഥർ ഇസ്രായേലിനോട് രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണവും ഏറെ പിരിമുറുക്കങ്ങൾ നിറഞ്ഞതായിരുന്നുവെന്നും ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ജൂലൈ 31 ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ ഗസ്റ്റ് ഹൗസിനുനേരെ നടന്ന ആക്രമണത്തില്‍ ഇസ്മാഈല്‍ ഹനിയ്യയും അംഗരക്ഷകനും കൊല്ലപ്പെടുന്നത്. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി തെഹ്‌റാനിലെത്തിയതായിരുന്നു അദ്ദേഹം. ഗസ്സയില്‍ വെടിനിര്‍ത്തലിനായി ഖത്തറിന്റെയും ഈജിപ്തിന്റേയും മധ്യസ്ഥതയില്‍ ഹമാസിനും ഇസ്രായേലിനും ഇടയില്‍ സുപ്രധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ലോകത്തെ ഞെട്ടിപ്പിച്ച സംഭവം. പത്തു മാസത്തോളമായി ഗസ്സയില്‍ തുടരുന്ന ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാനായുള്ള സമാധാന ചര്‍ച്ചകളില്‍ മുഖ്യപങ്ക് വഹിച്ചയാള്‍ കൂടിയായിരുന്നു ഹനിയ്യ.