റിച്ചാര്‍ഡ് ബ്രാന്‍സണിന്‍റെ ബഹിരാകാശ യാത്ര വിജയകരം; അഭിമാനമായി ഇന്ത്യൻ വംശജ സരിഷ ബാൻഡ്‌ലയും- വീഡിയോ വൈറല്‍
|ഇന്ത്യൻ വംശജയായ സിരിഷ ബാൻഡ്‌ല അടക്കം ആറ് കമ്പനി ജീവനക്കാരാണ് ബ്രാൻസനൊപ്പമുള്ളത്, സംഘം ദൗത്യം പൂർത്തീകരിച്ച് തിരികെ ലാൻഡ് ചെയ്തു
ഇന്ത്യൻ വംശജയടങ്ങുന്ന സംഘവുമായുള്ള ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിന്‍റെ ബഹിരാകാശയാത്ര വിജയകരം. ഇന്ത്യൻ വംശജയായ സിരിഷ ബാൻഡ്‌ല അടക്കം ആറ് കമ്പനി ജീവനക്കാരാണ് ബ്രാൻസനൊപ്പമുള്ളത്. സംഘം ദൗത്യം പൂർത്തീകരിച്ച് തിരികെ ലാൻഡ് ചെയ്തു. ബഹിരാകാശ ടൂറിസം രംഗത്ത് വലിയ നാഴികകല്ലായി മാറും ഈ യാത്രയെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിർജിൻ ഗലാക്ടിക്കിന്റെ മനുഷ്യരുമായുള്ള ആദ്യ ബഹിരാകാശ പര്യവേക്ഷണ ദൗത്യത്തിലാണ് വ്യോമയാന എഞ്ചിനീയറായ 34കാരി ഇടംപിടിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച സിരിഷ വളർന്നതും പഠിച്ചതുമെല്ലാം ടെക്‌സാസിലെ ഹൂസ്റ്റണിലാണ്. നിലവിൽ വിർജിൻ ഗലാക്ടിക്കിൽ സർക്കാർകാര്യ വൈസ് പ്രസിഡന്റാണ്.
യു.എസിലെ ന്യൂ മെക്സിക്കോയിലുള്ള സ്പേസ്പോർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് സംഘം യാത്ര തുടങ്ങിയത്. 71കാരനായ ബ്രാൻസണും സിരിഷക്കും പുറമേ ഡേവ് മക്കെ, മൈക്കൽ മാസൂച്ചി, ബെഥ് മോസസ്, കോളിൻ ബെന്നറ്റ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് സംഘം യാത്ര തിരിച്ചത്. 53 മൈൽ (88 കിലോമീറ്റർ) ഉയരത്തിൽ എത്തി, 11 മിനിറ്റ് കാഴ്ചകൾ കണ്ട് സംഘം മടങ്ങി. നാല് മിനിറ്റോളം ബഹിരാകാശത്തെ ഭാരമില്ലായ്മ നേരിട്ട് അനുഭവിച്ച സംഘം, ഭൂമിയുടെ ഗോളാകൃതിയും കണ്ടറിഞ്ഞു.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ടെസ്ല സിഇഒ ഇലൺ മസ്‌ക്കും ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് അവരെയെല്ലാം മറികടന്ന് റിച്ചാർഡ് ബ്രാൻസന്റെ യാത്ര. ദൗത്യം പൂര്‍ത്തിയാക്കിയാല്‍ ബഹിരാകാശയാത്ര നടത്തുന്ന ആദ്യ ശതകോടീശ്വരനാകു ബ്രാന്‍സന്‍.