World
Rift Between Israel and US deepens in Counter strike against Iran
World

ഇറാനെതിരായ പ്രത്യാക്രമണം: ഇസ്രായേൽ- അമേരിക്ക ഭിന്നത രൂക്ഷം; യുഎസിലേക്ക് പോവേണ്ടെന്ന് യോവ് ​ഗാലന്റിനോട് നെതന്യാഹു

Web Desk
|
8 Oct 2024 6:38 PM GMT

ഹസൻ നസ്‌റുല്ലയുടെ പിൻഗാമിയായ ഹാഷിം സൈഫുദ്ദീനെ തങ്ങൾ വധിച്ചതായും നെതന്യാഹു അവകാശപ്പെട്ടു.

തെൽഅവീവ്: ഇറാനെതിരായ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട്​ ഇസ്രായേലും അമേരിക്കയും തമ്മിലെ ഭിന്നത രൂക്ഷം. അമേരിക്കയിലേക്കുള്ള പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റിന്‍റെ യാത്ര നെതന്യാഹു വിലക്കി. നേരത്തെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രായേൽ നേതൃത്വം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ചേർന്ന ഇസ്രായേൽ സുരക്ഷാ സമിതി യോഗവും ഇറാനെതിരായ ആക്രമണം എത്രയും വേഗം നടത്താനാണ് തീരുമാനിച്ചത്.

ഇതിനു പിന്നാലെ രാത്രി യുഎസിലേക്ക് പോവാനിരുന്ന പ്രതിരോധ മന്ത്രി യോവ് ഗാലന്റിനോട് സന്ദർശനം മാറ്റിവയ്ക്കാൻ നെതന്യാഹു നിർദേശിക്കുകയായിരുന്നു. നാളെ വൈകീട്ടായിരുന്നു അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായുള്ള യോവ് ഗാലന്റിന്റെ കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. പ്രത്യാക്രമണത്തിന് അവകാശമുണ്ടെങ്കിലും ഇറാന്റെ ആണവകേന്ദ്രങ്ങളും സിവിലിയൻ കേന്ദ്രങ്ങളും ആക്രമിക്കരുതെന്ന് അമേരിക്ക ഇസ്രായേലിനോട് നിർദേശിച്ചിരുന്നു. അങ്ങനെയുണ്ടായാൽ അത് വ്യാപകമായ മേഖലാ യുദ്ധത്തിലേക്ക് നീങ്ങുമെന്നും ബൈഡൻ പറഞ്ഞിരുന്നു.

എന്നാൽ ഈ നിർദേശം നെതന്യാഹുവിന് സ്വീകാര്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ അമേരിക്കയിലേക്ക് പോവേണ്ടെന്ന് ഗാലന്റിനോട് നെതന്യാഹു ആവശ്യപ്പെട്ടത്. ഇറാനെ അക്രമിക്കാൻ ഇസ്രായേൽ സുരക്ഷാ സമിതി യോഗം തീരുമാനിച്ചെങ്കിലും തുടർപ്രത്യാഘാതങ്ങൾ നേരിടാൻ മാത്രം അമേരിക്കൻ സഹായം മതിയെന്നാണ്​ നെതന്യാഹുവിന്‍റെ നിലപാട്​.

അതേസമയംതന്നെ ലബനാനു നേരെ വീണ്ടും ആക്രമണം കടുപ്പിക്കാനാണ് ഇസ്രായേൽ നീക്കം. വ്യാപക ആക്രമണ മുന്നറിയിപ്പുമായി നെതന്യാഹു വീഡിയോ സന്ദേശം പുറത്തിറക്കി. ഗസ്സയുടെ അതേ അനുഭവം ലബനാനും ഉണ്ടാകുമെന്നും ഹിസ്ബുല്ലയെ പൂർണമായും ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നുമാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. നാവികസേനയെ കൂടി രംഗത്തിറക്കി ലബനാനു നേരെ ആക്രമണം കടുപ്പിക്കാനാണ് ഇസ്രായേൽ ഒരുങ്ങുന്നത്. ഇതുകൂടാതെ, ഹസൻ നസ്‌റുല്ലയുടെ പിൻഗാമിയായ ഹാഷിം സൈഫുദ്ദീനെ തങ്ങൾ വധിച്ചതായും നെതന്യാഹു അവകാശപ്പെട്ടു. സൈഫുദ്ദീനുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ഹിസ്ബുല്ല പ്രതികരിച്ചിരുന്നു.

ഇറാനെതിരായ ആക്രമണത്തിന് ഇസ്രായേൽ ഒരുങ്ങുന്ന സാഹചര്യത്തിൽ സൗദിയുൾപ്പെടെയുള്ള രാജ്യങ്ങളും അമേരിക്കയും തമ്മിൽ തിരക്കിട്ട കൂടിയാലോചനകൾ തുടരുകയാണ്. ഇറാനെതിരെ ആക്രമണം ഉണ്ടായാൽ കൂടുതൽ വ്യാപകമായ മേഖലായുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും അതിനാൽ അത്തരം നീക്കങ്ങളിൽനിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കണമെന്നും സൗദി പ്രതിരോധ മന്ത്രി അമേരിക്കൻ പ്രതിരോധ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 2,119 ആയി ഉയർന്നതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 137 വ്യോമാക്രമണങ്ങളാണ് ഉണ്ടായത്. ബെയ്റൂത്ത് ഉൾപ്പെടെ മൂന്നിടങ്ങളിൽ ചൊവ്വാഴ്ച ഇസ്രായേൽ ബോംബിട്ടു. ഇതോടെ മൊത്തം ആക്രമണങ്ങളുടെ എണ്ണം 9,400 ആയെന്നും പരിസ്ഥിതി മന്ത്രി നാസർ യാസിൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇറാനെ ഇസ്രായേൽ ഏതു നിമിഷവും ആക്രമിക്കുമെന്ന ഭീഷണിക്കിടെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ് പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ. മധ്യേഷ്യൻ രാജ്യമായ തുർക്ക്‌മെനിസ്ഥാനിൽ വെള്ളിയാഴ്ചയാണ് കൂടിക്കാഴ്ച.

ഇറാന്റെ ആണവകേന്ദ്രങ്ങളെയും എണ്ണപ്പാടങ്ങളേയും ഇസ്രായേൽ ലക്ഷ്യമിടുന്നതായുള്ള വാർത്തകൾ വരുന്നതിനിടെയാണ് ഇരുവരും നേരിട്ട് കാണാൻ തീരുമാനിച്ചിരിക്കുന്നത്. സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രധാന്യമുണ്ടെന്നാണ് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞത്. ഇറാന് എസ്.യു 35 യുദ്ധവിമാനങ്ങൾ റഷ്യ നൽകുമെന്നും പരിശീലനത്തിനായി ഇറാൻ പൈലറ്റുമാർ റഷ്യയിലെത്തുമെന്നും റിപ്പോർട്ടുണ്ട്.

Similar Posts