World
റിഹാന്ന, ഗ്രേറ്റ, മിയാ ഖലീഫ, ഇല്‍ഹാന്‍ ഒമര്‍; കർഷകസമരം ആഗോളശ്രദ്ധയിലെത്തിച്ച സെലിബ്രിറ്റികള്‍
World

റിഹാന്ന, ഗ്രേറ്റ, മിയാ ഖലീഫ, ഇല്‍ഹാന്‍ ഒമര്‍; കർഷകസമരം ആഗോളശ്രദ്ധയിലെത്തിച്ച സെലിബ്രിറ്റികള്‍

Web Desk
|
19 Nov 2021 1:04 PM GMT

കർഷക പ്രക്ഷോഭത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധക്ഷണിച്ചതിന്റെ പേരിൽ റിഹാന്നയ്ക്കും ഗ്രേറ്റയ്ക്കുമെതിരെ രംഗത്തെത്തിയത് സച്ചിൻ, കോഹ്ലി, അക്ഷയ് കുമാർ, കരൺ ജോഹർ, സുനിൽ ഷെട്ടി അടങ്ങുന്ന രാജ്യത്തെ പ്രമുഖ കായിക, ബോളിവുഡ് താരങ്ങളായിരുന്നു

കേന്ദ്ര സർക്കാർ അവതരിപ്പിച്ച വിവാദ കാർഷികനിയമം 2020 സെപ്റ്റംബറിനാണ് ലോക്‌സഭ പാസാക്കുന്നത്. 25ന് കിസാൻ സംഘർഷ് കോഡിനേഷൻ സമിതി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്ക് ആഹ്വനം ചെയ്യുന്നത്. തുടർന്ന് നടന്നത് ചരിത്രമാണ്. രാജ്യതലസ്ഥാനത്തും അയൽസംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും ഉത്തർപ്രദേശിലുമെല്ലാം കത്തിക്കയറുകയായിരുന്നു.

എന്നാൽ, രാജ്യത്ത് നടക്കുന്ന സാധാരണ സമരങ്ങളെക്കാൾ വലിയ തോതിലുള്ള അന്താരാഷ്ട്രശ്രദ്ധ നേടി കർഷക പ്രക്ഷോഭം. ആഗോളതലത്തിൽ ഏറെ പ്രശസ്തരായ നിരവധി പേരാണ് ഇന്ത്യൻ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഗായിക റിഹാന്ന മുതൽ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് വരെയുള്ള അന്താരാഷ്ട്ര സെലിബ്രിറ്റികളുടെ നിര നീണ്ടതാണ്. ഏറെ കൗതുകകരമായ കാര്യം, കർഷക പ്രക്ഷോഭത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധക്ഷണിച്ചതിന്റെ പേരിൽ റിഹാന്നയ്ക്കും ഗ്രേറ്റയ്ക്കുമെതിരെ രംഗത്തെത്തിയത് രാജ്യത്തെ പ്രമുഖ കായിക, ബോളിവുഡ് താരങ്ങളായിരുന്നു. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, അക്ഷയ് കുമാർ, കരൺ ജോഹർ, സുനിൽ ഷെട്ടി, രവി ശാസ്ത്രി, അനിൽ കുംബ്ലെ തുടങ്ങിയവർ ട്വിറ്റർ കാംപയിനുമായാണ് രംഗത്തെത്തിയത്.

കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച ആ അന്താരാഷ്ട്ര സെലിബ്രിറ്റികൾ ആരൊക്കെയായിരുന്നുവെന്ന് പരിശോധിക്കാം:

റിഹാന്ന

2021 ഫെബ്രുവരി രണ്ടിന് വന്ന റിഹാന്നയുടെ ഒരു ട്വീറ്റാണ് കർഷകപ്രക്ഷോഭത്തിന് ഇത്രയും വലിയ തോതിലുള്ള ആഗോളശ്രദ്ധ നേടിക്കൊടുത്തത്. കർഷകപ്രക്ഷോഭത്തെക്കുറിച്ചുള്ള വാർത്തയുടെ ലിങ്ക് പങ്കുവച്ച് അന്താരാഷ്ട്ര സമൂഹത്തോട് ഒരു ചെറിയ ചോദ്യമെറിയുക മാത്രമാണ് റിഹാന്ന ചെയ്തത്: ''നമ്മളെന്തു കൊണ്ട് ഇതേക്കുറിച്ച് സംസാരിക്കുന്നില്ല?''

ഇത് രാജ്യത്തും രാജ്യത്തിനു പുറത്തും വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ട്വീറ്റ് വലിയ തോതിൽ പങ്കുവയ്ക്കപ്പെട്ടതോടെ പ്രതിരോധവുമായി സംഘ്പരിവാർ കാംപയിൻ തുടങ്ങി. റിഹാന്നയ്‌ക്കെതിരെ പലതരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളുണ്ടായി. അങ്ങനെയാണ് ഒരു പ്രൊപഗണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന തരത്തിൽ സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയും അക്ഷയ് കുമാറും സമാനമായ ട്വീറ്റുകളുമായി രംഗത്തെത്തുന്നത്. ഇന്ത്യയുടെ കാര്യത്തിൽ വിദേശികൾ അഭിപ്രായം പറയേണ്ട, രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നായിരുന്നു ഈ കാംപയിനിന്റെ ആകത്തുക. കായിക, ചലച്ചിത്ര രംഗങ്ങളിൽനിന്നുള്ള പ്രമുഖരും ഈ കാംപയിനൊപ്പം ചേർന്നു. എന്നാൽ, മൂന്നുലക്ഷത്തിലേറെ പേർ റീട്വീറ്റ് ചെയ്ത റിഹാന്നയുടെ ട്വീറ്റ് അപ്പോഴേക്കും വലിയ പരിക്ക് തന്നെ മോദി സർക്കാരിന് ഏൽപിച്ചുകഴിഞ്ഞിരുന്നു.

ഗ്രേറ്റ തുൻബെർഗ്

റിഹാന്നയുടെ ട്വീറ്റിന് തൊട്ടുപിറ്റേന്നാളാണ് സ്വീഡിഷ് കാലാവസ്ഥാ, പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബർഗും വിഷയത്തിൽ പ്രതികരണവുമായി എത്തിയത്. ഇന്ത്യയിലെ കർഷകപ്രക്ഷോഭത്തിന് എല്ലാ ഐക്യദാർഢ്യവും അറിയിക്കുന്നുവെന്ന് അവർ പ്രഖ്യാപിച്ചു.

ഡൽഹിയിൽ കർഷക പ്രക്ഷോഭത്തെ കടുത്ത നടപടികളുമായി പൊലീസ് നേരിട്ടതിന്റെ സിഎൻഎൻ വാർത്ത പങ്കിട്ടായിരുന്നു ഗ്രേറ്റയുടെ ട്വീറ്റ്. ഈ ട്വീറ്റ് ഒരു ലക്ഷത്തോളം പേർ റീട്വീറ്റ് ചെയ്യുകയും ചെയ്തു.

ഹസൻ മിൻഹാജ്

റിഹാന്നയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു അമേരിക്കൻ കൊമേഡിയൻ ഹസൻ മിൻഹാജിന്റെ പ്രതികരണം. കർഷകപ്രക്ഷോഭത്തെക്കുറിച്ച് പിബിഎസ് ന്യൂസ് അവർ ചെയ്ത പ്രത്യേക പരിപാടിയുടെ ലിങ്ക് അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.

മിയ ഖലീഫ

അന്താരാഷ്ട്ര പ്രശസ്തയായ ലബനീസ് മോഡൽ മിയ ഖലീഫയും തൊട്ടടുത്ത ദിവസം തന്നെ കർഷകപ്രക്ഷോഭത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. പണം വാങ്ങിയാണ് കർഷക നിയമത്തിനെതിരെ കാംപയിൻ നടത്തുന്നതെന്ന സംഘ്പരിവാർ പ്രചാരണത്തെ അവർ സിനിമാരംഗത്തുള്ള 'കാസ്റ്റിങ് കോൾ' സമ്പ്രദായത്തോട് ചേർത്ത് പരിഹസിക്കുകയും ചെയ്തു. കർഷകർക്കൊപ്പം നിൽക്കുന്നതായി മിയ ഖലീഫ ട്വീറ്റിൽ ഉറക്കെ പ്രഖ്യാപിച്ചു.

മീണ ഹാരിസ്

അഭിഭാഷകയും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധുവുമായ മീണ ഹാരിസും ഇന്ത്യൻ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തി. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള ജനാധിപത്യ രാജ്യം അപകടത്തിലാണെന്നായിരുന്നു മീണയുടെ മുന്നറിയിപ്പ്. തൊട്ടുമുൻപത്തെ മാസം അമേരിക്കയിൽ ട്രംപ് അനുയായികളുടെ നേതൃത്വത്തിൽ നടന്ന അതിക്രമങ്ങളുമായി താരതമ്യം ചെയ്തായിരുന്നു കർഷകസമരത്തെ നേരിട്ട കേന്ദ്ര നടപടിയെക്കുറിച്ചുള്ള മീണയുടെ ട്വീറ്റ്.

ജുജു സ്മിത്ത് ഷൂസ്റ്റർ

യുഎസ് ദേശീയ ഫുട്‌ബോൾ ലീഗിലെ താരമായ ജുജു സ്മിത്ത് ഷൂസ്റ്റർ ഇന്ത്യൻ കർഷകർക്കായി 10,000 ഡോളറാണ്(ഏകദേശം ഏഴര ലക്ഷം രൂപ) പിരിച്ചത്. ഈ യാതനകളുടെ കാലത്ത് സഹായം ആവശ്യമുള്ള ഇന്ത്യയിലെ കർഷകർക്ക് വേണ്ടിയാണിതെന്നും ഇനിയുമൊരു കർഷകന്റെ ജീവൻ നഷ്ടപ്പെടുന്നത് തടയാനാകുമെന്നാണ് പ്രതീക്ഷയെന്നും താരം ട്വീറ്റ് ചെയ്തു.

ഇൽഹാൻ ഒമർ

യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറാണ് മറ്റൊരാൾ. കർഷകരുടെ മൗലികമായ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാൻ തയാറാകണമെന്ന് ഇൽഹാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്റർനെറ്റ് ബന്ധം പുനസ്ഥാപിക്കണം. വാർത്താവിനിമയ മാർഗങ്ങൾ തടയുന്നത് അവസാനിപ്പിക്കണം. പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മുഴുവൻ മാധ്യമപ്രവർത്തകരെയും മോചിപ്പിക്കണമെന്നും ഇൽഹാൻ ട്വീറ്റിൽ ആവശ്യപ്പെടുന്നു.

*****

മേൽപറഞ്ഞ ആളുകളിൽ ഒതുങ്ങുന്നതല്ല കർഷക സമരത്തിന് പിന്തുണ അറിയിച്ച അന്താരാഷ്ട്ര പ്രമുഖർ. മറ്റൊരു യുഎസ് കോൺഗ്രസ് അംഗമായ ജിം കോസ്റ്റ, യൂടൂബർമാരായ ലില്ലി സിങ്, അമൻഡ കാർണി അങ്ങനെ സെലിബ്രിറ്റികളുടെ പട്ടിക നീളുകയാണ്.

Summary: Farmers' protests has been gained global attention through the solidarity declarations of of the international celebrities like Rihanna, Mia Khalifa, Hasan Minhaj and Greta Thunberg, Ilhan Oman, who raised the issue in social media

Similar Posts