ഋഷി സുനക് മന്ത്രിസഭയില്‍ ആദ്യ വിക്കറ്റ് വീണു; എം.പിയെ ഭീഷണിപ്പെടുത്തിയ പരാതിയിൽ രാജിവച്ച് വിശ്വസ്തന്‍
|2019ൽ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തി എന്ന കുറ്റത്തിനും 2021ൽ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയുടെ പേരിലും മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നയാൾ കൂടിയാണ് ഗാവിൻ വില്യംസൻ
ലണ്ടൻ: അധികാരമേറ്റ് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ബ്രിട്ടനിൽ ഋഷി സുനക് മന്ത്രിസഭയിൽ ആദ്യരാജി. സുനകിന്റെ വിശ്വസ്തൻ കൂടിയായ ഗാവിൻ വില്യംസൻ ആണ് രാജി വച്ചത്. സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തിയതായുള്ള റിപ്പോർട്ടിനു പിന്നാലെയാണ് രാജി.
ഒരു പാർലമെന്റ് അംഗത്തിന് ഭീഷണി സ്വരത്തിലുള്ള സന്ദേശങ്ങൾ അയച്ചെന്നാണ് ഗാവിനെതിരെ ഉയരുന്ന ആരോപണം. ടൈംസ് ഓഫ് ലണ്ടൻ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. പാർലമെന്റ് അംഗത്തോട് ഒരു തവണ കഴുത്തറുക്കുമെന്നും മറ്റൊരു തവണ ഇല്ലാതാക്കുമെന്നും സന്ദേശത്തിൽ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. ടെക്സ്റ്റ് മെസേജിലാണ് ഭീഷണി.
രാജിക്കത്തിൽ ഗാവിൻ ഖേദം പ്രകടിപ്പിച്ചു. സംഭവത്തിൽ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രിട്ടീഷ് ജനതക്കായി പുതിയ സർക്കാർ നടത്തുന്ന നല്ല പ്രവർത്തനങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുമെന്ന് കരുതിയാണ് രാജിവയ്ക്കുന്നതെന്നും ഗാവിൻ വില്യംസൻ പറഞ്ഞു.
വിവിധ വിവാദങ്ങളിൽ അകപ്പെട്ട് മുൻ സർക്കാരുകളിൽനിന്ന് രണ്ടു തവണ രാജിവയ്‌ക്കേണ്ടി വന്നയാളാണ് ഗാവിൻ. ഇത്തരമൊരാളെ ഋഷി സുനക് പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ രാഷ്ട്രീയനിരീക്ഷകർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 2019ൽ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തി എന്ന കുറ്റത്തിന് പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്നാണ് രാജിവയ്‌ക്കേണ്ടിവന്നത്. 2021ൽ കോവിഡ് കാലത്തെ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പും ഒഴിയേണ്ടിവന്നു.
Summary: Gavin Williamson, a senior member of Prime Minister Rishi Sunak's government announced his resignation after mounting allegations that he bullied colleagues