ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനരികെ ഋഷി സുനക്; അവസാന റൗണ്ടിൽ ലിസ് ട്രസ് എതിരാളി
|തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും ഋഷി സുനക്
ലണ്ടൻ: ബിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് ജോൺസന്റെ പിൻഗാമിയായി എത്താൻ ഇന്ത്യൻ വംശജൻ ഋഷി സുനകിന് ഏതാനും ചുവടുകൾ മാത്രം ബാക്കി. ഭരണപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നടക്കുന്ന അന്തിമമത്സരത്തിൽ ഋഷി സുനകും ലിസ് ട്രസും ഏറ്റുമുട്ടും. പാർട്ടി എംപിമാർക്കിടയിൽ നടന്ന അഞ്ചാം വട്ട വോട്ടെടുപ്പിൽ 137 വോട്ട് നേടി ഋഷി ഒന്നാമതെത്തി. ഇതുവരെ എല്ലാ റൗണ്ടിലും മുന്നിലെത്തിയ സുനക് ചൊവ്വാഴ്ച വരെ നേടിയ 118 വോട്ടിനൊപ്പം 19 എണ്ണം കൂടി ചേർത്താണ് 137ലെത്തിയത്.
113 വോട്ടുമായി വിദേശ സെക്രട്ടറി ലിസ് ട്രസ് രണ്ടാമതെത്തി. 105 വോട്ട് നേടിയ വാണിജ്യമന്ത്രി പെന്നി മോർഡൗന്റ് അന്തിമത്സരത്തിൽ നിന്ന് പുറത്തായി. നാലാംവട്ട വോട്ടെടുപ്പിൽ ഇദ്ദേഹം രണ്ടാം സ്ഥാനം നേടിയിരുന്നു. അഞ്ചാംവട്ട വോട്ടെടുപ്പിൽ ഋഷി 19 വോട്ട് കൂടുതൽ നേടി.
അന്തിമറൗണ്ടിൽ കൺസർവേറ്റീവ് പാർടി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തുക. പോസ്റ്റൽ ബാലറ്റ് മുഖേനയാണ് വോട്ടെടുപ്പ് നടക്കുക. ഇതിൽ ജയിക്കുന്ന വ്യക്തി പാർട്ടി നേതാവും പ്രധാനമന്ത്രിയുമാകും.
സെപ്തംബർ അഞ്ചിനായിരിക്കും പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാൽ ഋഷി ആദ്യ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും ഋഷി സുനക്. തിങ്കളാഴ്ച ഋഷിയുടെയും ലിസിന്റെയും ആദ്യ തത്സമയ ടെലിവിഷൻ സംവാദം ബി.ബിസിയിൽ നടക്കും. ഇതിൽ രണ്ടുപേരും വാദമുഖങ്ങൾ പങ്കുവെക്കും.