World
ഋഷിയെ കാണാനെത്തിയ മാധ്യമപ്രവർത്തകർക്കു മുന്നിൽ ചായയുമായി അക്ഷതയുടെ സർപ്രൈസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
World

ഋഷിയെ കാണാനെത്തിയ മാധ്യമപ്രവർത്തകർക്കു മുന്നിൽ ചായയുമായി അക്ഷതയുടെ സർപ്രൈസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Web Desk
|
9 July 2022 7:16 AM GMT

ഫാഷൻ ഡിസൈനറും ഇൻഫോസിസ് തലവൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന ഇന്ത്യൻ വംശജൻ ഋഷി സുനകിന്റെ ജീവിത പങ്കാളിയാണ്

ലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രി പദവിയിൽനിന്ന് രാജിവയ്ക്കാൻ നിർബന്ധിതനായ പുതിയ രാഷ്ട്രീയനീക്കങ്ങൾക്ക് തുടക്കമിട്ടത് ഒരു ഇന്ത്യൻ വംശജനായിരുന്നു. ബോറിസ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഋഷി സുനകിന്റെ രാജിക്കു പിന്നാലെയായിരുന്നു കൂട്ടരാജിയുമായി കൺസർവേറ്റീവ് പാർട്ടി മന്ത്രിമാരും എം.പിമാരും രംഗത്തെത്തിയത്. ഇതോടെ നിൽക്കക്കള്ളിയില്ലാതായ ബോറിസ് ജോൺസൻ രാജി പ്രഖ്യാപിക്കുകയും ചെയ്തു. ബോറിസിനു പകരക്കാരനായി ഏറ്റവും സാധ്യത കൽപിക്കപ്പെടുന്നതും സുനകിനാണ്.

ബോറിസിന്റെ രാജിക്കു പിന്നാലെ വാർത്താതാരമായ സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ ഒരു വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുകയാണ്. ഫാഷൻ ഡിസൈനറും ഇൻഫോസിസ് തലവൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷത മാധ്യമപ്രവർത്തകർക്ക് ചായ വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രാജിക്കു പിന്നാലെ ഡൗണിങ് സ്ട്രീറ്റിലെ 11-ാം നമ്പർ വസതി ഒഴിഞ്ഞ ഋഷി സുനക് ലണ്ടനിലെ കുടുംബവീട്ടിലെത്തിയിരുന്നു.

ഇവിടെ വീടിനു മുറ്റത്ത് സുനകിനെ കാണാനായി കാത്തിരുന്ന മാധ്യമപ്രവർത്തകർക്കു മുന്നിലേക്കാണ് സർപ്രൈസായി അക്ഷത ട്രേയിൽ ചായയുമായി എത്തിയത്. ചായയ്ക്കും കാപ്പിക്കുമൊപ്പം ബിസ്‌ക്കറ്റുമുണ്ടായിരുന്നു ട്രേയിൽ. മുറ്റത്തെ ടേബിളിൽ ട്രേവച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കാനൊന്നും അക്ഷത നിന്നില്ല. നേരെ വീടിനകത്തേക്ക് തന്നെ തിരിച്ചുനടക്കുകയായിരുന്നു.

രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവച്ചതിനു പിന്നാലെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവമാണ്. ബോറിസ് സർക്കാരിനെ പുതിയ പ്രതിസന്ധിയിലേക്ക് നയിച്ച രാജിപരമ്പരകൾക്ക് തുടക്കമിട്ട മുൻ ധനകാര്യ മന്ത്രി ഋഷി സുനക് കൺസർവേറ്റീവ് നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന കാര്യം ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. ഋഷിക്ക് നറുക്കുവീണാൽ അത് പുതിയൊരു ചരിത്രമാകും. ഇതാദ്യമായാകും ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്.

2020 ഫെബ്രുവരിയിലാണ് ഋഷിയെ ബോറിസ് ജോൺസൻ ധനകാര്യ വകുപ്പ് ഏൽപിക്കുന്നത്. എന്നാൽ, രണ്ടു വർഷത്തിനുശേഷം ഇതേ ബോറിസിന്റെ സ്ഥാനചലനത്തിലേക്ക് നയിച്ച രാഷ്ട്രീയനീക്കത്തിനു തുടക്കമിട്ടതും ഋഷി തന്നെയായി.

Summary: Rishi Sunak's wife Akshata Murthy served tea to journalists

Similar Posts