എലിസബത്ത് രാജ്ഞിയുടെ അന്ത്യവിശ്രമ സ്ഥലത്തിന്റെ ഫോട്ടോ പങ്കുവെച്ച് രാജകുടുംബം
|കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് രാജ്ഞി അന്ത്യവിശ്രമംകൊള്ളുന്നത്
ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ അന്ത്യ വിശ്രമസ്ഥലത്തിന്റെ ചിത്രം പുറത്തുവിട്ട് ബക്കിങ്ഹാം. ശനിയാഴ്ചയാണ് ചിത്രം രാജകൊട്ടാരം പുറത്തുവിട്ടത്. രാജ്ഞിയുടെ ലഡ്ജര്‍ സ്റ്റോണ്‍ കിങ് ജോര്‍ജ് നാലാമന്‍ മെമ്മോറിയല്‍ ചാപ്പലില്‍ സ്ഥാപിച്ചു. ചിത്രത്തിൽ രാജ്ഞിയുടെയും മാതാപിതാക്കളുടെയും ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെയും പേര് കൊത്തിയിട്ടുണ്ട്. കറുപ്പ് ബെല്‍ജിയന്‍ മാര്‍ബിളിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഫോട്ടോയിൽ വെള്ളനിറത്തിലുള്ള പൂക്കള്‍ കൊണ്ട് നിര്‍മിച്ച റീത്തുകളും കല്ലറയ്ക്കരികില്‍ കാണാം.
1962 ലാണ് പിതാവ് കിങ് ജോര്‍ജ് നാലാമന്റെ അന്ത്യ വിശ്രമസ്ഥലമായി ക്വീന്‍ എലിസബത്ത് കിങ് ജോര്‍ജ് നാലാമന്‍ മെമോറിയല്‍ ചാപ്പല്‍ നിര്‍മിച്ചത്. സെപ്തംബര്‍ 8 ന് 96ാം വയസ്സിലാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 70 വർഷംത്തോളമാണ് ബ്രിട്ടീഷ് രാജവംശത്തിന്റെ പരമാധികാരിയായി എലിസബത്ത് രാജ്ഞി ഭരിച്ചത്. അവരുടെ മൂത്ത മകൻ ചാൾസാണ് ഇനി ബ്രിട്ടന്‍റെ പുതിയ രാജാവ്. പത്ത് ദിവസത്തെ ദുഖാചരണത്തിന് ശേഷമാണ് എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടൺ വിടനൽകിയത്.
ഈ അടുത്തകാലത്ത് ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ ശവസംസ്‌കാരചടങ്ങുകൾക്കാണ് ലണ്ടൻ സാക്ഷ്യംവഹിച്ചത്. 1600 സൈനികരാണ് മൃതദേഹപേടകത്തിന് അകമ്പടിയേന്തിയത്. സുരക്ഷക്കായി 10,000 പൊലീസുകാരുമുണ്ടായിരുന്നു. രാജകുടുംബാഗങ്ങളും വിലാപയാത്രയെ അനുഗമിച്ചു. ചടങ്ങ് ലോകമെമ്പാടുമുള്ള ദശലക്ഷങ്ങളാണ് ടെലിവിഷനിലൂടെ കണ്ടത്.ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കൂടാതെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻതുടങ്ങി ആയിരത്തോറം ലോകനേതാക്കൾ രാജ്ഞിക്ക് അന്തിമോപചാരം അർപ്പിച്ചു.